വിരാട് കോലി (Virat Kohli), സ്റ്റീവ് സ്‌മിത്ത് (Steve Smith) സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായ ഇവരുടെ അവസാന ലോകകപ്പ് ആയിരിക്കുമോ ഇത്...? ക്രിക്കറ്റ് ആവേശ ലഹരിയില്‍ ആരാധകര്‍ ആറാടുമ്പോഴും അവര്‍ക്കിടയില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമാണിത്. നിലവില്‍ 34 വയസാണ് ഇരു താരങ്ങള്‍ക്കുമുള്ളത്. 2027ല്‍ അടുത്ത ഏകദിന ലോകകപ്പ് വരുമ്പോള്‍ 38 ആകും ഇരുവരുടെയും പ്രായം. ഇക്കാര്യം ഒന്നുതന്നെയാണ് ആരാധകരുടെ ആശങ്കയ്‌ക്കും കാരണം. എന്നാല്‍, ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായം.
'കോലിയോടും സ്‌മിത്തിനോടും ഒരിക്കലും ഇത് നിങ്ങളുടെ അവസാന ലോകകപ്പ് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുത്. കാരണം, തങ്ങളുടെ ബാറ്റിങ്ങിനെ സ്നേഹിക്കുന്നവരാണ് അവര്‍. എപ്പോഴായാലും ഏത് ദുര്‍ഘടമായ സാഹചര്യത്തിലും അവര്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഏകദിന ക്രിക്കറ്റ് എന്നത് ഇപ്പോള്‍ വിരാട് കോലിയുടെ ഫോര്‍മാറ്റാണ്. സ്റ്റീവ് സ്‌മിത്തിന്‍റെ കാര്യവും ഏകദേശം അതുപോലെ തന്നെയാണ്. ഇരുവരും ഇപ്പോള്‍ ടി20 ക്രിക്കറ്റിന് അത്ര ചേര്‍ന്നവരല്ല, എങ്കിലും മധ്യഓവറുകളില്‍ കളിയുടെ ഗതിമാറ്റിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കാറുണ്ട്. ആ കാരണം കൊണ്ടാണ് വിരാട് കോലിയും സ്റ്റീവ് സ്‌മിത്തും തങ്ങളുടെ ടീമുകള്‍ക്ക് വിലമതിക്കാനാകാത്ത താരങ്ങളായിരിക്കുന്നതും'- സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇരുവരും തങ്ങളുടെ ടീമിനായി കളത്തിലിറങ്ങുന്നുണ്ട്. വിരാട് കോലിയുടെ നാലാമത്തെ ലോകകപ്പാണിത്. 2011ല്‍ നടന്ന ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഭാഗമായിരുന്നു വിരാട് കോലി.
അന്ന് ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയായിരുന്നു വിരാട് കോലി. കരിയറില്‍ ഇതുവരെ 26 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ 46.81 ശരാശരിയില്‍ 1,030 റണ്‍സ് നേടിയിട്ടുണ്ട്. ലോകകപ്പ് കരിയറില്‍ ആകെ രണ്ട് സെഞ്ച്വറികള്‍ മാത്രമാണ് കോലിക്ക് നേടാനായിട്ടുള്ളത്.
അഞ്ചാമത്തെ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കുമ്പോള്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുള്ള താരമാണ് സ്റ്റീവ് സ്മിത്ത്. 2015ല്‍ സ്വന്തം നാട്ടില്‍ നടന്ന വേള്‍ഡ് കപ്പില്‍ 67 ശരാശരിയില്‍ 402 റണ്‍സായിരുന്നു സ്‌മിത്ത് നേടിയത്. ടൂര്‍ണമെന്‍റില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററും സ്മിത്തായിരുന്നു.