കറാച്ചി : ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ഫിറ്റ്നസ് പ്രശ്‌നങ്ങളാൽ ഇനി ഒരു ഫോർമാറ്റിലും കളിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ മുൻ നായകൻ സൽമാൻ ബട്ട്. ഹാർദിക്കിന്‍റെ ശരീരം വളരെ ദുർബലമാണെന്നും അതിനാൽ ഏതെങ്കിലും ഒരു ഫോർമാറ്റിൽ പോലും താരത്തിന് അതിജീവിക്കാൻ സാധിക്കില്ലെന്നും ബട്ട് അഭിപ്രായപ്പെട്ടു.
'ശരിയായ ഭക്ഷണക്രമത്തിലൂടെയും കൃത്യമായ വർക്കൗട്ടുകളിലൂടെയും ഹാർദിക് കുറച്ച് മസിലുകൾ വർധിപ്പിക്കേണ്ടതായുണ്ട്. കഠിനാധ്വാനം നടത്തിയ ശേഷം നാലോവര്‍ ബൗള്‍ ചെയ്യാനുള്ള ശേഷി വീണ്ടെടുക്കണമെന്ന് അടുത്തിടെ രവി ശാസ്ത്രി പറഞ്ഞിരുന്നു. ഇതിനര്‍ഥം ഇപ്പോള്‍ അദ്ദേഹത്തിന് നാലോവര്‍ പോലും ശരിയായി ബൗള്‍ ചെയ്യാന്‍ കഴിയില്ലയെന്നല്ലേ?' ബട്ട് ചോദിച്ചു.
2019 ല്‍ പുറംഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് ഹാർദിക്കിന്‍റെ കരിയറിന് വില്ലനായത്. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിലാണ് താരം ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസാനം കളിച്ചത്. ഫിറ്റ്‌നസ് ഇല്ലാതിരുന്നിട്ടും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു പന്തുപോലും ഹാർദിക് എറിഞ്ഞിരുന്നില്ല.
ALSO READ: 'എല്ലാവരുടേയും റൊട്ടിയിൽ വെണ്ണ പുരട്ടലല്ല എന്‍റെ ജോലി'; അശ്വിന് മറുപടിയുമായി രവി ശാസ്‌ത്രി
കൂടാതെ ഐപിഎൽ ലേലത്തിന് മുന്നേ മുംബൈ ടീം നിലനിര്‍ത്തിയ താരങ്ങളുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഹാര്‍ദിക് ഉണ്ടായിരുന്നില്ല. അതേസമയം പുതുതായി വന്ന രണ്ട് ഫ്രാഞ്ചൈസികളിലേക്ക് താരം കൂടുമാറാനൊരുങ്ങുന്നു എന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. കൂടാതെ നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താരം ടെസ്റ്റിൽ നിന്ന് വൈകാതെ വിരമിക്കുമെന്നും പ്രചരിച്ചിരുന്നു.