കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യ ശര്‍ദുല്‍ താക്കൂറിന് പകരം അശ്വിനെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്തണമെന്ന് മുന്‍താരം കൃഷ്‌ണമാചാരി ശ്രീകാന്ത് (Kris Srikkanth Backs Ravichandran Ashwin To Play Cape Town Test). അശ്വിനെ രണ്ടാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കി രവീന്ദ്ര ജഡേജയ്‌ക്ക് ടീമില്‍ അവസരം നല്‍കണമെന്ന് ഇര്‍ഫാന്‍ പഠാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിന് പിന്തുണയുമായി ശ്രീകാന്ത് രംഗത്തെത്തിയിരിക്കുന്നത്.
'കേപ്‌ടൗണില്‍ ഇറങ്ങുമ്പോള്‍ എന്‍റെ ടീമില്‍ ഉറപ്പായും രവിചന്ദ്രന്‍ അശ്വിനും ഉണ്ടാകും. ശര്‍ദുലിനെക്കാളും ഭേദം അശ്വിന്‍ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ശര്‍ദുലിന്‍റെ സ്ഥാനത്ത് ഞാന്‍ ഉറപ്പായും അശ്വിനെ ആയിരിക്കും കളിപ്പിക്കുക.
അഞ്ച് അല്ലെങ്കിലും ഒന്ന് രണ്ട് വിക്കറ്റുകള്‍ അവന്‍ ഉറപ്പായും സ്വന്തമാക്കും. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മത്സരം ടൈറ്റാക്കാനും അശ്വിന് സാധിക്കും. ഇവര്‍ രണ്ട് പേരും ചേര്‍ന്നാല്‍ 4-5 വിക്കറ്റ് ഇന്ത്യയ്‌ക്ക് നേടാം.
സ്‌പിന്നര്‍മാര്‍ക്കായിരിക്കും കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ സമ്മര്‍ദത്തില്‍ ആക്കാന്‍ സാധിക്കുന്നത്. ആ തന്ത്രം ആയിരിക്കണം ടീം ഇന്ത്യ പരീക്ഷിക്കേണ്ടതും. ശര്‍ദുലിനെ ഞാന്‍ എന്തായാലും ഒഴിവാക്കും.
ഇപ്പോള്‍ പ്രസിദ് കൃഷ്‌ണയെ മാറ്റി നിര്‍ത്തുന്നത് ശരിയായ തീരുമാനം ആയിരിക്കില്ല. അവന്‍ ഒരൊറ്റ ടെസ്റ്റ് മത്സരമാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അരങ്ങേറ്റത്തിന് പിന്നാലെ തന്നെ ഒരു താരത്തെ ഒഴിവാക്കുന്നത് അത്ര ശരിയായിരിക്കില്ല' - കൃഷ്‌ണമാചാരി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍ മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങിനെ ടീം മിസ് ചെയ്‌തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ടെസ്റ്റില്‍ അശ്വിന് പകരം ജഡേജ ടീമിലേക്ക് എത്തണമെന്ന അഭിപ്രായം ഇര്‍ഫാന്‍ പഠാന്‍ ഉന്നയിച്ചത്.
Read More : രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ടത് ഒരേയൊരു മാറ്റം; തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍
കേപ്‌ടൗണിലെ രണ്ടാം ടെസ്റ്റിന് വേണ്ടിയുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. ടീമിലെ പ്രധാന താരങ്ങളെല്ലാം കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നു. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് കളി തുടങ്ങുന്നത്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ആവേശ് ഖാൻ.