റായ്‌പൂര്‍: ടി20 മത്സരത്തിന്‍റെ ശൈലിയ്‌ക്ക് അനുസൃതമായി തന്നെ കളിക്കാന്‍ സഹായിച്ചത് എംഎസ് ധോണി നല്‍കിയ നിര്‍ദേശങ്ങളാണെന്ന് ഇന്ത്യന്‍ യുവ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ്. ഇന്ത്യ -ഓസ്‌ട്രേലിയ പരമ്പരയിലെ നാലാം മത്സരത്തിന് ശേഷമാണ് ഗെയ്‌ക്‌വാദിന്‍റെ പ്രതികരണം. പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് 26കാരനായ താരം.
വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് മികവിലേക്ക് ഉയരാന്‍ താരത്തിനായി. ഒരു സെഞ്ച്വറി ഉള്‍പ്പടെ നാല് മത്സരങ്ങളില്‍ നിന്നായി 71 ശരാശരിയില്‍ 213 റണ്‍സാണ് റിതുരാജ് ഗെയ്‌ക്‌വാദ് ഇതുവരെ നേടിയെടുത്തത് (Ruturaj Gaikwad Stats In India vs Australia T20I Series). പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്ററാണ്.
റായ്‌പൂരില്‍ നടന്ന നാലാം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് വേണ്ടി ഗെയ്‌ക്‌വാദ് 32 റണ്‍സ് നേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 174 റണ്‍സ് സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കുകയും 20 റണ്‍സിന്‍റെ ജയം നേടുകയും ചെയ്‌തിരുന്നു (India vs Australia 4th T20I). ഇതിന് പിന്നാലെയാണ് താന്‍ എംഎസ് ധോണിയില്‍ നിന്നുമാണ് കാര്യങ്ങള്‍ പഠിച്ചതെന്നും അങ്ങനെ പഠിച്ചെടുത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഗെയ്‌ക്‌വാദ് വ്യക്തമാക്കിയത് (Ruturaj Gaikwad On MS Dhoni).
'ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ് ഞാന്‍ ഐപിഎല്‍ കളിക്കുന്നത്. അവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. മാഹി ഭായിയുടെ അടുത്തു നിന്ന് കാര്യങ്ങൾ നല്ലതുപോലെ ലഭിച്ചിട്ടുണ്ട്. സാഹചര്യങ്ങളെ കുറിച്ച് അറിയുന്നതിന് എപ്പോഴും താല്‍പര്യം കാണിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മത്സരം എങ്ങനെ പുരോഗമിക്കുന്നുവെന്ന് മനസിലാക്കാനും അദ്ദേഹത്തിന് അറിയാം.
ഒരു മത്സരത്തില്‍ ടീമിന് എന്താണ് ആവശ്യമുള്ളതെന്ന കാര്യം ബാറ്റ് ചെയ്യാനെത്തുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. ആ ചിന്തയാണ് എനിക്കൊപ്പവും ഉള്ളത്. അത് തുടരാനാണ് ഞാനും ശ്രമിക്കുന്നത്'- റിതുരാജ് ഗെയ്‌ക്‌വാദ് അഭിപ്രായപ്പെട്ടു.
ഗുവാഹത്തിയിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷമായിരുന്നു റിതുരാജ് കഴിഞ്ഞ ദിവസം റായ്‌പൂരില്‍ കളിക്കാനിറങ്ങിയത്. കരുതലോടെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നേരിട്ട ഗെയ്‌ക്‌വാദ് 28 പന്തില്‍ നിന്നാണ് 32 റണ്‍സ് നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സറും അടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
Read More : 'സമ്മര്‍ദഘട്ടങ്ങളില്‍ അക്‌സര്‍ പട്ടേല്‍ പുലി...'; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്