ഓക്ക്‌ലന്‍ഡ്: ക്രിക്കറ്റ് കരിയറില്‍ താന്‍ പിന്തുടര്‍ന്ന വിശ്വാസത്തെ കുറിച്ച് വെളിപ്പെടുത്തി ന്യൂസിലൻഡിന്‍റെ മുന്‍ ക്രിക്കറ്റര്‍ റോസ് ടെയ്‌ലർ. റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന തന്‍റെ ആത്മകഥയിലാണ് രസകരമായ തന്‍റെ അന്ധവിശ്വാസത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. കരിയറില്‍ മത്സരങ്ങള്‍ക്ക് മുമ്പ് താന്‍ താറാവ് ഇറച്ചി കഴിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്.
2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെയാണ് ഈ രീതി ആരംഭിച്ചതെന്നും ടെയ്‌ലർ വ്യക്തമാക്കി. താറാവ് ഇറച്ചി കഴിച്ചാല്‍ അടുത്ത മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുമെന്ന വിശ്വാസമാണ് ഇതിന് പിന്നിലെന്നും താരം ഏഴുതി.
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്‍റെ തലേദിവസം ചൈനീസ് റെസ്റ്ററന്‍റില്‍ പോയ താന്‍ താറാവ് ഇറച്ചി ഉപയോഗിച്ചുള്ള പ്രിയപ്പെട്ട ഭക്ഷണമാണ് കഴിച്ചത്. പിറ്റേ ദിവസം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതായും ടെയ്‌ലർ പറഞ്ഞു. ലോകകപ്പില്‍ ടെയ്‌ലറുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ലിയാം പ്ലങ്കറ്റ് എറിഞ്ഞ പന്തിൽ ആൻഡ്രു ഫ്ലിന്‍റോഫ് പിടികൂടിയാണ് അന്ന് ടെയ്‌ലര്‍ പൂജ്യത്തിന് തിരിച്ച് കയറിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ഇതാവര്‍ത്തിച്ചതായും താരം പറഞ്ഞു. അന്ന് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ താറാവ് ഇറച്ചി കഴിച്ചത്. ഏതാനും ദിവങ്ങള്‍ക്ക് ശേഷമായിരുന്നു അന്ന് മത്സരമുണ്ടായിരുന്നത്.
കളിയുണ്ടെന്നും താറാവ് ഇറച്ചി വേണ്ടെന്നും അവരോട് പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കളിയില്ലാത്തതിനാൽ നിയമം ബാധകമല്ലെന്നായിരുന്നു സുഹൃത്തുക്കളുടെ മറുപടി. ഇതോടെ കുറച്ച് താറാവ് കഴിച്ച താന്‍ അടുത്ത കളിയിൽ ഗോൾഡൻ ഡക്കായെന്നും താരം കുറിച്ചു.