എഡ്‌ജ്‌ബാസ്റ്റണ്‍: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ കൊവിഡ് മുക്തനായതായി റിപ്പോര്‍ട്ട്. വൈകാതെ തന്നെ താരം ഇന്ത്യയുടെ വൈറ്റ് ബോള്‍ സ്‌ക്വാഡിനൊപ്പം ചേരുമെന്നാണ് വിവരം. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിനായി എഡ്‌ജ്‌ബാസ്റ്റണില്‍ എത്തിയതിന് പിന്നാലെയാണ് രോഹിത്തിന് കൊവിഡ് ബാധിച്ചത്.
കഴിഞ്ഞ ആഴ്‌ച ലെസ്റ്റർഷെയറിന് എതിരായ സന്നാഹ മത്സരത്തിനിടെയാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 25 റൺസ് നേടിയ രോഹിത്, കൊവിഡ് പോസിറ്റീവായതോടെ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയിരുന്നില്ല. ഇതോടെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്‌റ്റനായി പേസര്‍ ജസ്‌പ്രീത് ബുംറയെ തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം ഇംഗ്ലണ്ടിന് എതിരായ ടി20, ഏകദിന മത്സരങ്ങളില്‍ രോഹിത്താണ് ഇന്ത്യയെ നയിക്കുന്നത്. ജൂലൈ ഏഴിന് ആരംഭിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ രോഹിതിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷ. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഇംഗ്ലണ്ടിന് എതിരായ വൈറ്റ് ബോള്‍ പരമ്പരയിലുള്ളത്.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായ മത്സരങ്ങള്‍ കൂടിയാണിത്. നേരത്തെ നാട്ടില്‍ ശ്രീലങ്കയ്‌ക്കും വെസ്‌റ്റ് ഇന്‍ഡീസിനും എതിരെ നടന്ന പരമ്പരകള്‍ രോഹിത്തിന് കീഴിലിറങ്ങിയ ടീം ഇന്ത്യ തൂത്തുവാരിയിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍കുകയും രാഹുലിന് പരിക്കേല്‍ക്കുകയും ചെയ്‌തതോടെ റിഷഭ് പന്താണ് നായകനായത്.
മഴ കളിച്ചതോടെ അഞ്ച് മത്സര പരമ്പര 2-2ന് സമനിലയില്‍ പിരിഞ്ഞു. പിന്നാലെ അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നായകന്‍. രണ്ട് ടി20കളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. അതേസമയം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുക.
also read: 'റെക്കോഡ് തകർന്നതില്‍ വിഷമമുണ്ട്'; സ്റ്റുവർട്ട് ബ്രോഡിനെ ‘അഭിനന്ദിച്ച്’ റോബിൻ പീറ്റേഴ്‌സൺ