ലണ്ടൻ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്‌ച നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ താരം കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ലെസ്റ്റർഷെയറിനെതിരെ ചതുർ ദിന സന്നാഹ മത്സരത്തിൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്ന രോഹിത് ക്വാറന്‍റൈനിൽ പോയി.
ലെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ രോഹിത് കളിക്കുന്നുണ്ടെങ്കിലും മൂന്നാം ദിവസം ബാറ്റ് ചെയ്‌തിരുന്നില്ല. ആദ്യ ഇന്നിങ്‌സിൽ ഓപ്പൺ ചെയ്‌ത താരം 25 റൺസിന് പുറത്താകുകയായിരുന്നു. ജൂലൈ 1ന് ആരംഭിക്കുന്ന എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റിന് മുൻപായി ഇന്ത്യന്‍ നായകന് സുഖം പ്രാപിച്ച് തിരിച്ചെത്താനാകുമോ എന്നത് സംശയത്തിലാണ്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കൊവിഡ് ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്. അവശേഷിക്കുന്ന ടെസ്‌റ്റിന് പുറമെ മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ജൂലൈയില്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്.
പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ ജയമോ സമനിലയോ നേടിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും.