വാര്‍ണര്‍ പാര്‍ക്ക്: വിന്‍ഡീസിനെതിരായ രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. മത്സരത്തിന്‍റെ അവസാന ഓവര്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിന് പകരം ആവേശ് ഖാന് നല്‍കിയതിലാണ് രോഹിത് വിമര്‍ശനം നേരിടുന്നത്.
ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് അവസാന രണ്ട് ഓവറില്‍ 16 റണ്‍സായിരുന്നു വിജയത്തിന് വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ രോഹിത് പന്തേല്‍പിച്ച അര്‍ഷ്‌ദീപ് വെറും ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌തു. ഇതോടെ വിന്‍ഡീസിന് ജയിക്കാന്‍ അവസാന അറ് പന്തില്‍ 10 റണ്‍സ് എന്ന നിലയിലായി.
പന്തെറിയാന്‍ രണ്ട് ഓവര്‍ ക്വാട്ട ബാക്കിയുണ്ടായിരുന്ന ഭുവനേശ്വര്‍ കുമാര്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രോഹിത് ആവേശ് ഖാനെ പന്ത് ഏല്‍പ്പിക്കുകയായിരുന്നു. ഓവറിലെ ആദ്യ പന്തിൽ നോബോൾ എറിഞ്ഞ ആവേശ്, ഫ്രീഹിറ്റ് പന്തിൽ സിക്‌സും തൊട്ടടുത്ത പന്തിൽ ഫോറും വഴങ്ങിയതോടെ 19.2 ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞു. ഇതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളോടാണ് രോഹിത് പ്രതികരിച്ചിരിക്കുന്നത്.
യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്‍റെ ഭാഗമായാണ് ആവേശിന് പന്ത് നല്‍കിയതെന്നാണ് രോഹിത് പറയുന്നത്. ''ഇതെല്ലാം അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ്. ഭുവനേശ്വറിനെ നമ്മള്‍ക്ക് അറിയാം. ഭുവി ടീമിനായി എന്ത് ചെയ്യുമെന്ന് നമുക്കറിയാം. വര്‍ഷങ്ങളായി ഭുവനേശ്വര്‍ അത് ചെയ്യുന്നുണ്ട്.
എന്നാല്‍ അര്‍ഷ്‌ദീപും ആവേശ് ഖാനും ഡെത്ത് ഓവറില്‍ എങ്ങനെ പന്തെറിയും എന്ന് നമുക്കറിയില്ല. ഇരുവര്‍ക്കും അവസരം നല്‍കിയില്ലെങ്കില്‍ ഇന്ത്യയ്‌ക്കായി ഡെത്ത് ഓവറുകളില്‍ പന്തെറിയാനാവുന്ന താരങ്ങളെ കണ്ടെത്താനാവില്ല. ഐപിഎല്ലില്‍ അവരത് ചെയ്‌തിട്ടുണ്ട്.
ഇതൊരു മത്സരം മാത്രമാണ്. കഴിവുള്ള ഇരുവരേയും പിന്തുണയ്‌ക്കുന്നു'', രോഹിത് പറഞ്ഞു. അതേസമയം വിന്‍ഡീസ് 13-14 ഓവറില്‍ നേടേണ്ടിയിരുന്ന ലക്ഷ്യം അവസാന ഓവര്‍ വരെ എത്തിക്കുന്നതിന് ബോളര്‍മാര്‍ മികച്ച പ്രകടനം നടത്തിയെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
also read: IND VS WI | രണ്ടാം ടി-20യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോൽവി; വിൻഡീസ് ജയം അവസാന ഓവറിൽ