ഡെറാഡൂണ്‍: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ ലെജന്‍ഡ്‌സിന് മിന്നുന്ന വിജയം. ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ 40 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്‌സ് കീഴടക്കിയത്. മഴയെത്തുടര്‍ന്ന് 15 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സാണ് നേടിയത്.
ഇംഗ്ലണ്ട് ലെജന്‍ഡ്‌സിന്‍റെ മറുപടി നിശ്ചിത ഓവറില്‍ അറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സില്‍ അവസാനിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് എന്നിവരുടെ മിന്നല്‍ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് മിന്നുന്ന തുടക്കമാണ് ലഭിച്ചത്.
സച്ചിന്‍ തുടക്കം തൊട്ട് ആക്രമിച്ച് കളിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ആദ്യ വിക്കറ്റായി നമാന്‍ ഓജ (17 പന്തില്‍ 20) പുറത്താവുമ്പോള്‍ 5.4 ഓവറില്‍ 65 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. തൊട്ടടുത്ത ഓവറില്‍ സച്ചിനും തിരിച്ച് കയറി. 20 പന്തുകളില്‍ 40 റണ്‍സാണ് സച്ചിന്‍ അടിച്ച് കൂട്ടിയത്.
മൂന്ന് വീതം സിക്‌സുകളും ഫോറും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. പിന്നാലെ സുരേഷ് റെയ്‌ന (8 പന്തില്‍ 12), യൂസഫ് പഠാന്‍ (11 പന്തില്‍ 27) എന്നിവരും വേഗം മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച നേരിട്ടു. ഈ ഘട്ടത്തില്‍ 9.3 ഓവറില്‍ 108 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലില്‍ ഉണ്ടായിരുന്നത്.
അഞ്ചാമനായാണ് യുവരാജ് ക്രീസിലെത്തിയത്. പുറത്താവാതെ 15 പന്തില്‍ 31റണ്‍സാണ് താരം അടിച്ചെടുത്തത്. സ്‌റ്റുവര്‍ട്ട് ബിന്നി (11 പന്തില്‍ 18) ആണ് പുറത്തായ മറ്റൊരു താരം. ഇര്‍ഫാന്‍ പഠാനും (9 പന്തില്‍ 11) പുറത്താവാതെ നിന്നു.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബോളര്‍മാര്‍ പുറത്തെടുത്തത്. 19 പന്തില്‍ 29 റണ്‍സെടുത്ത ഫില്‍ മസ്റ്റാഡാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യ ലെജന്‍ഡ്‌സിനായി ആര്‍വി പവാര്‍ മൂന്നോവറില്‍ 12 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
സ്‌റ്റുവര്‍ട്ട് ബിന്നി, പ്രഗ്യാന്‍ ഓജ, മന്‍പ്രീത് സിങ് ഗോണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
also read: എറിഞ്ഞൊതുക്കി പേസർമാർ ; ന്യൂസിലാൻഡ് എ ക്കെതിരെ തകർപ്പൻ വിജയവുമായി സഞ്ജുവും പിള്ളേരും