ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് കിരീട സാധ്യത ഏറെ കല്‍പ്പിച്ചിരുന്ന ടീമാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് (England Cricket Team). എന്നാല്‍, ലോകകപ്പില്‍ പകുതിയോളം മത്സരങ്ങള്‍ അവസാനിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രതീക്ഷകളൊന്നും കാക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഇംഗ്ലീഷ് നിര.
ഇതുവരെ നാല് മത്സരങ്ങള്‍ കളിച്ചു. അതില്‍ ആകെ ജയിക്കാനായത് ഒരൊറ്റ കളിയില്‍. അതും ബംഗ്ലാദേശിനെതിരെ. രണ്ട് പോയിന്‍റ് മാത്രം സ്വന്തമായുള്ള ഇംഗ്ലണ്ട് പോയിന്‍റ് പട്ടികയിലും ഏറെ പിന്നിലാണ് (England In ICC CWC 2023 Points Table).
ഇനിയുള്ള ഓരോ മത്സരങ്ങളും ഇംഗ്ലണ്ടിന് ജീവന്മരണ പോരാട്ടങ്ങളാണ്. ഒരു തോല്‍വി പോലും ഇംഗ്ലീഷ് പടയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. നിലവില്‍ ഈ സാഹചര്യത്തിലേക്ക് ഇംഗ്ലണ്ട് എത്താനുള്ള ചില കാരണങ്ങള്‍ പരിശോധിക്കാം (Reasons For England Team Failure).
താളം കണ്ടെത്താന്‍ വിഷമിക്കുന്ന ബാറ്റര്‍മാര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ബാസ്ബോള്‍ തന്ത്രത്തിലൂടെ റണ്‍സ് അടിച്ചുകൂട്ടി ക്രിക്കറ്റ് ആരാധകരെ വിസ്‌മയിപ്പിച്ച ടീമാണ് ഇംഗ്ലണ്ട്. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റായ ടെസ്റ്റില്‍ അനായാസം റണ്‍സ് കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, ഏകദിനത്തിലേക്ക് എത്തുമ്പോള്‍ കഥ മറ്റൊന്നാണ്.
പ്രധാന താരങ്ങളെല്ലാം ഇപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയാണ്. കൂടാതെ ബാറ്റര്‍മാരുടെ മോശം ഫോമും ആണ് ഇംഗ്ലണ്ടിന് തിരിച്ചടിയായിരിക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്നും 192 റണ്‍സ് നേടിയ ഡേവിഡ് മലാന്‍ ആണ് അവരുടെ ടോപ് സ്കോറര്‍. ജോ റൂട്ടും ഹാരി ബ്രൂക്കും മാത്രമാണ് നൂറിന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്‌തിട്ടുള്ള മറ്റ് ബാറ്റര്‍മാര്‍.
ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ട്ടിങ് ട്രബിള്‍: ടീമിന് മികച്ച തുടക്കം നല്‍കാന്‍ ഇംഗ്ലണ്ടിന്‍റെ ഓപ്പണര്‍മാര്‍ക്കും ഇക്കുറി സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെ ജയം പിടിച്ച മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണിങ് ജോഡികളായ ഡേവിഡ് മലാനും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഈ പ്രകടനം അവര്‍ക്ക് മറ്റ് മത്സരങ്ങളില്‍ ആവര്‍ത്തിക്കാനായിരുന്നില്ല.
ഓപ്പണര്‍മാരില്‍ ജോണി ബെയര്‍സ്റ്റോയുടെ ഫോം ഔട്ടാണ് ഇംഗ്ലണ്ടിന്‍റെ പ്രധാന തിരിച്ചടി. നാല് മത്സരങ്ങളില്‍ നിന്നും ഒരു അര്‍ധസെഞ്ച്വറി ഉള്‍പ്പടെ ആകെ 97 റണ്‍സാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും ഇതുവരെ പിറന്നത്.
ബെന്‍ സ്റ്റോക്‌സിന്‍റെ അഭാവം: പരിക്കിനെ തുടര്‍ന്ന് ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് നഷ്‌ടപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും അത്ര മികച്ച പ്രകടനം ഈ കളിയില്‍ പുറത്തെടുക്കാന്‍ താരത്തിനായിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങളില്‍ സ്റ്റോക്സ് താളം കണ്ടെത്തുമെന്നാണ് ഇംഗ്ലീഷ് ആരാധകരുടെയും പ്രതീക്ഷ.
തല്ലുകൊള്ളികളായ ബൗളര്‍മാര്‍: ആദ്യ നാല് മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഇതുവരെ വഴങ്ങിയത് 1,193 റണ്‍സാണ്. ബൗളര്‍മാരുടെ മോശം പ്രകടനവും ഇപ്രാവശ്യം ഇംഗ്ലണ്ടിന് തിരിച്ചടിയായിട്ടുണ്ട്. മൂന്ന് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് നേടിയ റീസ് ടോപ്ലിയായിരുന്നു ഇംഗ്ലീഷ് ബൗളിങ് നിരയുടെ കുന്തമുന. എന്നാല്‍, പരിക്കേറ്റ ടോപ്ലി ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത് താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഇംഗ്ലണ്ടിന് ഇപ്പോള്‍ തലവേദനയാണ്.
Also Read : Brydon Carse Replaces Reece Topley : പരിക്കേറ്റ റീസ് ടോപ്ലി പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്