മുബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 15-ാം സീസണില്‍ നേരിയ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന ചെന്നൈക്ക് കനത്ത തിരിച്ചടി. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ കളിച്ചേക്കില്ലെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിൽ ജഡേജയുടെ അഭാവം ചെന്നൈയ്‌ക്ക് തിരിച്ചടിയാകും.
ഡല്‍ഹിക്കെതിരായ ചെന്നൈയുടെ അവസാനത്തെ മല്‍സരത്തില്‍ ജഡേജ ഇറങ്ങിയിരുന്നില്ല. പരിക്കു കാരണമാണ് താരത്തിന് മല്‍സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നതെന്നായിരുന്നു ക്യാപ്റ്റന്‍ എംഎസ് ധോണി അറിയിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മല്‍സരത്തിൽ ഫീല്‍ഡിങിനിടെയായിരുന്നു രവീന്ദ്ര ജഡേജയ്ക്കു പരിക്കേറ്റത്.
എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ഗുരുതമാവാതിരിക്കാനും വേണ്ടിയാണ് ജഡേജ പിന്മാറിയതെന്നുമാണ് സൂചന. പരിക്കില്‍ മുക്തനായിട്ടില്ലാത്ത രവീന്ദ്ര ജഡേജയെ ധൃതി പിടിച്ച് ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ സിഎസ്‌കെ മാനേജ്‌മെന്‍റ് ആലോചിക്കുന്നുമില്ല. അതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന ആശങ്ക അവര്‍ക്കുണ്ട്. നാളെ മുംബൈയ്‌ക്കെതിരാണ് ചെന്നൈയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ ചെന്നൈയ്‌ക്ക് ജയം അനിവാര്യമാണ്.
സീസണിനു തൊട്ടുമുമ്പാണ് ധോണിയില്‍ നിന്നും താരം ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നത്. പക്ഷെ ഇത് വൻപരാജയമായിരുന്നു. സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിക്കാനാവാതെ ചെന്നൈ നാണക്കേടിലേക്കു വീണു. സീസണിന്‍റെ പകുതിയില്‍ വച്ച് ജഡേജ നായകസ്ഥാനം ഉപേക്ഷിക്കുകയും പകരം ധോണിയോടു ചുമതല ഏറ്റെടുക്കാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു.
ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നത് രവീന്ദ്ര ജഡേജയുടെ വ്യക്തിഗത പ്രകടനത്തെയും സാരമായി ബാധിച്ചിരുന്നു. 10 മല്‍സരങ്ങള്‍ കളിച്ച ജഡ്ഡുവിനു നേടാനായത് വേറും 116 റണ്‍സാണ്. ബൗളിങില്‍ ലഭിച്ചതാവട്ടെ അഞ്ചു വിക്കറ്റുകളുമായിരുന്നു.