ചെന്നൈ: ഇന്ത്യയില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് (Border Gavaskar Trophy) പിന്നാലെ താന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായി രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin). ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ ആയിരുന്നു ലോക ടെസ്റ്റ് ഒന്നാം നമ്പര്‍ ബൗളറുടെ വെളിപ്പെടുത്തല്‍. കാല്‍മുട്ടിനെ അലട്ടിയിരുന്ന പരിക്കാണ് തന്നെ ഇത്തരമൊരു ചിന്തയിലേക്ക് എത്തിച്ചിരുന്നതെന്ന് അശ്വിന്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ (World Test Championship 2021-23) ഇന്ത്യയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. 61 വിക്കറ്റുകളായിരുന്നു താരം നേടിയിരുന്നത്. കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരുന്നിട്ടും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും അശ്വിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് നടന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലാണ് ലോക ഒന്നാം നമ്പര്‍ ബൗളര്‍ കൂടിയായ അശ്വിന്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടന്ന ഈ പരമ്പരയില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മാന്‍ ഓഫ് ദി സീരിസ് പട്ടവും ഇന്ത്യന്‍ സ്‌പിന്നര്‍ സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയ്‌ക്ക് ശേഷം വിരമിക്കണം എന്ന പദ്ധതിയായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നാണ് അശ്വിന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
'ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഞാന്‍ എന്‍റെ ഭാര്യയോട് വരുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പര കരിയറിലെ അവസാന പരമ്പരയായിരിക്കുമെന്ന് പറഞ്ഞിരുന്നു. കാല്‍മുട്ടിലെ ചില പ്രശ്‌നങ്ങള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്‍റെ ബൗളിങ് ആക്ഷനില്‍ ഉള്‍പ്പടെ മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിച്ചു.
കാല്‍മുട്ടിലെ പ്രശ്‌നങ്ങളാണ് എന്നെ അങ്ങനെ ചിന്തിപ്പിച്ചത്. ടി20 ലോകകപ്പ് കാരണം എനിക്ക് അധികം ജോലി ഭാരമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ പന്തെറിയുന്ന രീതിയില്‍ ഞാന്‍ അത്ര സന്തുഷ്‌ടനായിരുന്നില്ല.
ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് വേദന കൂടുതല്‍ കഠിനമാകാന്‍ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് - നാല് വര്‍ഷങ്ങളില്‍ എനിക്ക് നന്നായി പന്തെറിയാന്‍ കഴിഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തില്‍ ബൗളിങ് ആക്ഷന്‍ മാറ്റുക എന്നത് ഏറെ അപഹാസ്യവും വിഡ്ഢിത്തവുമാണ്. എന്നിരുന്നാലും എന്‍റെ പഴയ ബൗളിങ് ശൈലിയിലേക്ക് മടങ്ങിപ്പോകാമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു' - അശ്വിന്‍ പറഞ്ഞു.
ബെംഗളൂരുവില്‍ എത്തി നടത്തിയ ചികിത്സയ്‌ക്ക് ശേഷമാണ് തന്‍റെ കാല്‍മുട്ടിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടതെന്നും, ഇതിന് പിന്നാലെ ബൗളിങ് ആക്ഷനില്‍ താന്‍ മാറ്റം വരുത്തിയിരുന്നെന്നും അശ്വിന്‍ വ്യക്തമാക്കി. ഇതിന് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനായതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും ഇന്ത്യന്‍ സ്‌പിന്നര്‍ കൂട്ടിച്ചേര്‍ത്തു.
'ആ പരമ്പരയുടെ താരമായി മാറിയതില്‍ എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ മികച്ച ഒരു പ്രകടനം നടത്താനും എനിക്ക് സാധിച്ചു. ഇന്ത്യയ്‌ക്കായി ഒരുപാട് മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്', അശ്വിന്‍ അഭിപ്രായപ്പെട്ടു.
Also Read : 'ഇന്ത്യന്‍ ടീമില്‍ സുഹൃത്തുക്കളില്ല, എല്ലാവരും സഹപ്രവര്‍ത്തകര്‍ മാത്രം' ; തുറന്നടിച്ച് ആര്‍ അശ്വിന്‍