ന്യൂഡൽഹി : രവിശാസ്‌ത്രിക്ക് പകരക്കാരനായി പുതിയ പരിശീലകനെ കണ്ടെത്തുന്നതുവരെ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ഇടക്കാല പരിശീലകൻ ആയേക്കുമെന്ന് റിപ്പോർട്ട്. പുതിയ പരിശീലകനെ കണ്ടെത്താൻ കാലതാമസം നേരിടുമെന്നതിനാലാണ് ബിസിസിഐ ദ്രാവിഡിനെ സമീപിക്കാനൊരുങ്ങുന്നത്.
താരങ്ങൾക്ക് ആശയവിനിമയം നടത്താൻ ഇന്ത്യൻ പരിശീലകരെ തന്നെ വേണമെന്ന തീരുമാനം ബിസിസിഐ കൈക്കൊണ്ടിട്ടുണ്ട്. പരിശീലകനായി ഇതുവരെ ബിസിസിഐ പരസ്യം നല്‍കിയിട്ടില്ല. അപേക്ഷ ക്ഷണിക്കും മുമ്പ് അനുയോജ്യരായ ആളുകളെ കണ്ടെത്താനാണ് നിലവിലെ ശ്രമം.
ബിസിസിഐ ദ്രാവിഡിനെ ഇന്ത്യയുടെ മുഴുവൻ സമയ പരിശീലകനാക്കാൻ ഏറെ ശ്രമിച്ചെങ്കിലും താരം അതിന് താൽപര്യപ്പെട്ടിരുന്നില്ല. എന്നാൽ ഈ അവസരത്തിൽ ഇടക്കാല പരിശീലകൻ എന്ന ആവശ്യം ദ്രാവിഡ് അംഗീകരിക്കും എന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കില്‍ ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ ദ്രാവിഡ് ആയിരിക്കും ഇന്ത്യയുടെ പരിശീലകൻ.
ALSO READ : ലോകകപ്പിൽ ഹാർദിക് പന്തെറിയില്ല ; സ്ഥിരീകരിച്ച് ബിസിസിഐ
ദ്രാവിഡിനെക്കൂടാതെ പഞ്ചാബ് കിങ്സ് പരിശീലകൻ അനിൽ കുംബ്ലെ, സൺറൈസേഴ്‌സ് പരിശീലക സംഘത്തിലുള്ള വിവിഎസ് ലക്ഷ്മൺ എന്നീ മുൻ താരങ്ങളും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയുടെ പരിഗണനയിലുണ്ട്. എന്നാൽ ഇവരും പരിശീലക സ്ഥാനം വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.