ഓവല്‍ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ ട്രാവിസ് ഹെഡ്, സ്‌റ്റീവ് സ്‌മിത്ത് എന്നിവരുടെ സെഞ്ചുറി മികവില്‍ 469 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി 296 റണ്‍സില്‍ ഒതുങ്ങിയിരുന്നു.
ഇതോടെ 173 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാനും സംഘത്തിന് കഴിഞ്ഞു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് എട്ടിന് 270 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു 444 എന്ന വമ്പന്‍ വിജയ ലക്ഷ്യമായിരുന്നു ഇന്ത്യയ്‌ക്ക് മുന്നില്‍ വച്ചത്. ഈ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ALSO READ: WTC Final | 'ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബാബര്‍ അസമില്‍ നിന്നും പഠിക്കണം' ; നിര്‍ദേശവുമായി നാസർ ഹുസൈൻ
തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പിനെയടക്കം വിമര്‍ശിച്ച് വിദഗ്‌ധരുള്‍പ്പടെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ടോസ് ലഭിച്ചിട്ടും ബോളിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിനെതിരെ ഏറെ ചോദ്യങ്ങള്‍ ഉയരുകയും ചെയ്‌തു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
കാലാവസ്ഥയ്‌ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് ബോളിങ് തെരഞ്ഞെടുത്തതെന്നാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്. സമീപകാലത്തായി ഓവലില്‍ കളിക്കാന്‍ എത്തിയ മിക്ക ടീമുകളും ആദ്യം ബോള്‍ ചെയ്യാനാണ് താല്‍പ്പര്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഓവലിലെ പിച്ചില്‍ അത്യാവശ്യം പുല്ലുണ്ടായിരുന്നതും, മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് ടോസ് നേടിയിട്ടും ബോളിങ് തെരഞ്ഞെടുത്തതിന് പിന്നില്‍.
ALSO READ: Shubman Gill Fined: ഗില്ലിന് 115 ശതമാനം, ഇന്ത്യയ്‌ക്ക് 100 ശതമാനം; വമ്പന്‍ പിഴ ചുമത്തി ഐസിസി
ആ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി. ഇവിടെ സമീപ കാലത്തായി കളിക്കാന്‍ എത്തിയ മിക്ക ടീമുകളും ടോസ് ലഭിച്ചിട്ടും ബോളിങ് തന്നെയാണ് തെരഞ്ഞെടുത്തത്. ആദ്യ സെഷനില്‍ ഓസ്‌ട്രേലിയ മൂന്നിന് 70 റണ്‍സ് എന്ന നിലയിലേക്ക് വീണപ്പോള്‍ ഞങ്ങളുടെ തീരുമാനം ഏറ്റവും മികച്ചതാണെന്ന് തോന്നിയിരുന്നു.
എന്നാല്‍ അടുത്ത സെഷനില്‍ ഞങ്ങള്‍ ഏറെ റണ്‍സ് വഴങ്ങി. 300 റണ്‍സിനെങ്കിലും അവരെ വീഴ്‌ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ മത്സരത്തിലുണ്ടാവുമായിരുന്നു''- രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
നാലാം ഇന്നിങ്‌സില്‍ 300 റണ്‍സില്‍ അധികമുള്ള ലക്ഷ്യം പിന്തുടരാൻ ടീമിന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. "എത്ര പിന്നിലാണെങ്കിലും, മികച്ച പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതിന് അസാധാരണമായ പ്രകടനങ്ങൾ ആവശ്യമായിരുന്നു. ഒരുപാട് റൺസ് വഴങ്ങിയ ബോളര്‍മാര്‍ നിരാശപ്പെടുത്തി. പിന്നെ ബാറ്റര്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്തായി" - ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.