മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയിലെ വേഗമേറിയതും ബൗണ്‍സ് നിറഞ്ഞതുമായ വിക്കറ്റുകളിൽ ഇന്ത്യൻ നിരയിൽ ഏറ്റവും അപകടകാരി റിഷഭ് പന്ത് ആയിരിക്കുമെന്ന് ഓസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിങ്. അവിടുത്തെ മത്സര സാഹചര്യത്തിനനുസരിച്ച് മികച്ച രീതിയിൽ പന്തിനെ ഇന്ത്യക്ക് ഉപയോഗിക്കാനാകുമെന്നും ചലനാത്മകവും സ്‌ഫോടനാത്മകവുമായാണ് താരം ബാറ്റ് വീശുന്നതെന്നും പോണ്ടിങ് പറഞ്ഞു.
അവൻ ഒരു മികച്ച കളിക്കാരനാണ്. ലോകത്തെ തന്‍റെ കാൽക്കൽ എത്തിച്ച ഒരു മികച്ച ചെറുപ്പക്കാരൻ. ഓസ്‌ട്രേലിയയിൽ ഞങ്ങൾ നൽകുന്ന ഫ്ലാറ്റ്, ഫാസ്റ്റ്, ബൗൺസി വിക്കറ്റുകളിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി അസാധാരണമാം വിധം അപകടകാരിയാകും. ടൂർണമെന്‍റിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന കളിക്കാരിൽ ഒരാളായിരിക്കും അദ്ദേഹം, പോണ്ടിങ് പറഞ്ഞു.
ബാറ്റിംഗ് ലൈനപ്പിൽ അഞ്ചാം സ്ഥാനത്താണ് ഞാൻ അവനെ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഏഴോ എട്ടോ ഓവറുകൾ ബാക്കിയുള്ളപ്പോൾ, ആദ്യത്തെ ഒന്നു രണ്ട് വിക്കറ്റുകൾ പോയിക്കഴിഞ്ഞാൽ അവനെ ബാറ്റിങ്ങിനയക്കാനും കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കാനും അനുവദിക്കണം. ചലനാത്മകവും സ്‌ഫോടനാത്മകവുമായ ബാറ്ററാണ് പന്ത്, പോണ്ടിങ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഐപിഎല്ലിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാത്തതിൽ പന്ത് ഏറെ നിരാശനായിരുന്നുവെന്നും പോണ്ടിങ് വ്യക്‌തമാക്കി. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 30.91 ശരാശരിയിൽ 340 റൺസ് മാത്രമാണ് പന്തിന് നേടാനായത്.