ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) രണ്ടാം മത്സരത്തിലും ജയം പിടിച്ച് ന്യൂസിലന്‍ഡ് (New Zealand). ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 99 റണ്‍സിനാണ് കിവീസ് പരാജയപ്പെടുത്തിയത് (New Zealand vs Netherlands Match Result). ഡച്ച് പടയ്‌ക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 322 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ വില്‍ യങ് (70), രചിന്‍ രവീന്ദ്ര (51), ക്യാപ്‌റ്റന്‍ ടോം ലാഥം (53) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് കിവീസ് ഓറഞ്ച് പടയ്‌ക്ക് മുന്നിലേക്ക് 323 എന്ന വിജയലക്ഷ്യം ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്‌സിന്‍റെ പോരാട്ടം 46.3 ഓവറില്‍ 223 റണ്‍സില്‍ അസവസാനിക്കുകയായിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സാന്‍റ്‌നറുടെ പ്രകടനമാണ് ഡച്ച് നിരയെ തകര്‍ത്തെറിഞ്ഞത്.
കിവീസ് ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 67 റണ്‍സ് മാത്രമുള്ളപ്പോഴേക്കും അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടു. വിക്രംജീത് സിങ് (12), മാക്‌സ് ഒഡൗഡ് (16) ബാസ് ഡീ ലീഡ് (18) എന്നിവരുടെ വിക്കറ്റുകളാണ് ഡച്ച് പടയ്‌ക്ക് ആദ്യം നഷ്‌ടപ്പെട്ടത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തി 73 പന്തില്‍ 69 റണ്‍സ് നേടിയ കോളിന്‍ അക്കര്‍മാന്‍റെ പ്രകടനമായിരുന്നു ഓറഞ്ച് പടയുടെ തോല്‍വി ഭാരം കുറച്ചത്. നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് 30 റണ്‍സ് നേടി പുറത്തായി. ഡച്ച് നിരയുടെ വാലറ്റത്ത് ആര്യന്‍ ദത്തിനൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായിരുന്നില്ല.
ഓപ്പണര്‍ മാക്‌സ് ഒഡൗഡിനെ വീഴ്‌ത്തിയാണ് കിവീസ് സ്പിന്നര്‍ മിച്ചല്‍ സാന്‍റ്‌നര്‍ മത്സരത്തില്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. മത്സരത്തില്‍ അവരുടെ ടോപ് സ്കോററായ അക്കര്‍മാനും പിഴച്ചത് സാന്‍റ്‌നറുടെ മുന്നിലാണ്.