ന്യൂഡൽഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian premier league) പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ക്യാപ്റ്റനെ മാറ്റിയിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ രോഹിത് ശര്‍മയ്‌ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെയാണ് ഫ്രാഞ്ചൈസി ചുമതല ഏല്‍പ്പിച്ചത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain).
ഇതിന് പിന്നാലെ രോഹിത്തിനായി ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. (Mumbai Indians approached by Delhi Capitals). പുതിയ സീസണിലേക്കായി രോഹിത്തിനെ ട്രേഡ് ചെയ്യാനായിരുന്നു ഡല്‍ഹി ശ്രമിച്ചത്. എന്നാല്‍ ഡല്‍ഹിയുടെ ഓഫര്‍ മുംബൈ ഇന്ത്യന്‍സ് നിരസിച്ചുവെന്ന് വിവിധ സ്‌പോര്‍ട്‌സ്, ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ (IPL 2024) ഡല്‍ഹിയുടെ നായകനായ റിഷഭ് പന്ത് കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ താരത്തിന് വിക്കറ്റ് കീപ്പറായി പ്ലെയിങ് ഇലവനില്‍ ഇറങ്ങാന്‍ കഴിയൂ. അതിനായില്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായോ അല്ലെങ്കില്‍ ഇംപാക്‌ട് പ്ലെയർ മാത്രമായോ 26-കാരനെ കളിപ്പിക്കാനാണ് ഫ്രാഞ്ചൈസി ആലോചിക്കുന്നത്.
പ്രസ്‌തുത സാഹചര്യത്തിലാണ് ഡല്‍ഹി സീനിയര്‍ താരമായ രോഹിത്തിനായി നീക്കം നടത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത് ശര്‍മ. 2013, 2015, 2017, 2019, 2020 സീസണുകളിലായിരുന്നു ഹിറ്റ്‌മാന്‍ ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിച്ചത്. എന്നാല്‍ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് 36-കാരനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയതെന്ന് മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരുന്നു.
എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ ആരാധക രോഷം ആളിക്കത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി ആരാധകര്‍ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്‌തു. ഹാര്‍ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എക്സില്‍ നാലുലക്ഷം ഫോളോവേഴ്സിനെയാണ് മുംബൈക്ക് നഷ്‌ടമായത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ പേരും മുംബൈയെ വെട്ടി.
ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡിലൂടെയായിരുന്നു മുംബൈ ഇന്ത്യന്‍സ് തിരികെ എത്തിച്ചത്. 2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കരിയര്‍ ആരംഭിച്ച ഹാര്‍ദിക് 2021 വരെയുള്ള ഏഴ് സീസണുകളില്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഗുജറാത്തിനെ ടീമിന്‍റെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഗുജറാത്തിന് കഴിഞ്ഞു.
ക്യാപ്റ്റനാക്കിയാല്‍ മാത്രം തിരികെ വരാമെന്ന നിബന്ധന നേരത്തെ ഹാര്‍ദിക് മുംബൈക്ക് മുന്നില്‍ വച്ചിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ലോകകപ്പിനിടെ തന്നെ ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ നായക സ്ഥാനത്ത് മാറ്റമുണ്ടാവുമെന്ന് ഫ്രാഞ്ചൈസി രോഹിത്തിനെ അറിയിക്കുകയും ചെയ്‌തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.