സിഡ്‌നി : ഏകദിന ലോകകപ്പ് ഫൈനല്‍ ജയത്തിന് പിന്നാലെ ലോക കിരീടത്തിന് മുകളില്‍ കാല്‍ കയറ്റി വച്ച് ഇരുന്ന സംഭവത്തില്‍ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. ലോകകപ്പ് ട്രോഫിയോട് താന്‍ ഒരു അനാദരവും കാണിച്ചിട്ടില്ലെന്നാണ് മാര്‍ഷ് അഭിപ്രായപ്പെട്ടത്. ഓസ്‌ട്രേലിയയിലെ ഒരു റേഡിയോ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ലോകകപ്പ് കലാശപ്പോരാട്ടത്തിന് ശേഷം കിരീടത്തിന് മുകളില്‍ കാല്‍ കയറ്റി വച്ചിരുന്ന മാര്‍ഷിന്‍റെ ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 32-കാരനായ ഓസീസ് താരത്തിന്‍റെ പ്രവര്‍ത്തി അതിരുകടന്നിരുന്നുവെന്നും ഇത് ലോകകപ്പ് ട്രോഫിയോടുള്ള അനാദരവാണെന്നും ആയിരുന്നു ക്രിക്കറ്റ് പ്രേമികള്‍ ഉന്നയിച്ച വിമര്‍ശനം. ഇക്കാര്യത്തില്‍ മാര്‍ഷിനെതിരെ ഐസിസി നടപടി വേണമെന്നും ഒരു കൂട്ടം ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
ചിത്രം വിവാദമായതിന് ശേഷം ആദ്യമായിട്ടാണ് മിച്ചല്‍ മാര്‍ഷ് വിഷയത്തില്‍ പ്രതികരണം നടത്തുന്നത്. 'ഞാന്‍ ചെയ്‌തത് ഒരു അനാദരവായി ഒരിക്കലും കാണാന്‍ സാധിക്കില്ല. ആ കാര്യത്തെ കുറിച്ച് അധികമൊന്നും ഞാന്‍ ചിന്തിച്ചിട്ട് കൂടിയില്ല. സമൂഹമാധ്യമങ്ങളില്‍ അതിനെ ചുറ്റിപ്പറ്റി നടന്ന പ്രതികരണങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല'- മാര്‍ഷ് പറഞ്ഞു. ചിത്രം വിവാദമായതിന് പിന്നാലെ മാര്‍ഷിനെ പിന്തുണച്ച് ലോകകപ്പ് ഫൈനലിലെ ഓസ്‌ട്രേലിയയുടെ ഹീറോ ട്രാവിസ് ഹെഡ് രംഗത്തെത്തിയിരുന്നു.
അതേസമയം, നിലവില്‍ പുരോഗമിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയെ കുറിച്ചും മാര്‍ഷ് അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. താരങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വീട്ടിലേക്ക് മടങ്ങാനും അര്‍ഹതയുണ്ടെന്നും മാര്‍ഷ് പറഞ്ഞു.
'ലോകകപ്പ് നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇതൊരുപക്ഷേ അരോചകമായി തോന്നിയേക്കാം. എങ്കിലും ഓസ്‌ട്രേലിയന്‍ ദേശീയ ടീമിനായിട്ടാണ് കളിക്കുന്നത് എന്ന വസ്‌തുതയെ അവര്‍ ബഹുമാനിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയും അതിന്‍റേതായ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.
ഇതിനുമൊരു മറുവശമുണ്ട്, ഞങ്ങള്‍ രാജ്യത്തിനായി ഒരു ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അല്‍പനേരം ആഘോഷിക്കാനും നാട്ടിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അര്‍ഹതയുണ്ട്'- മിച്ചല്‍ മാര്‍ഷ് അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ആറാം ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളില്‍ ഒരാളാണ് മിച്ചല്‍ മാര്‍ഷ്. ടൂര്‍ണമെന്‍റില്‍ 10 മത്സരങ്ങള്‍ കളിച്ച മാര്‍ഷ് 49 ശരാശരിയിലും 107.56 പ്രഹരശേഷിയിലും 441 റണ്‍സാണ് നേടിയത് (Mitchell Marsh World Cup Stats 2023).
Also Read : പുതിയൊരു തുടക്കത്തിന്‍റെ ഒടുക്കം ? ; രഹാനെയ്‌ക്കും പുജാരയ്‌ക്കും ഇനിയൊരു തിരിച്ചുവരവ് സാധ്യമോ