ന്യൂഡല്‍ഹി : ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ ഇന്ത്യന്‍ ബാറ്റര്‍ മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിങ്‌സിന്‍റെ നായകനായേക്കും. വൈകാതെ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മായങ്കിന്‍റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍.
നായക സ്ഥാനത്തേക്ക് ശിഖര്‍ ധവാന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും, ലേലത്തിന് മുമ്പ് തന്നെ അഗർവാളിനെ നായകനാക്കാൻ മാനേജ്‌മെന്‍റിന് താൽപ്പര്യമുണ്ടായിരുന്നുവെന്ന് അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. കെ.എല്‍.രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിലേക്ക് ചേക്കേറിയതോടെയാണ് മായങ്കിന് നറുക്കുവീണത്.
ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ ഓപ്പണറായ താരത്തെ പഞ്ചാബ് ഈ സീസണില്‍ നിലനിര്‍ത്തിയിരുന്നു. മായങ്കിനൊപ്പം യുവ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെയും പഞ്ചാബ് നിലനിര്‍ത്തി. അതേസമയം കഴിഞ്ഞ സീസണില്‍ രാഹുലിന്‍റെ അഭാവത്തില്‍ പഞ്ചാബിനെ മായങ്ക് നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി 800-ലധികം റൺസ് നേടാനും താരത്തിനായി.
also read: രഞ്ജിയിലും വലഞ്ഞ് രഹാനെയും പൂജാരയും ; ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തേക്കോ ?
അതേസമയം 2014ല്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്താന്‍ പഞ്ചാബിനായെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഐപിഎല്ലിലെ കന്നി കിരീടമാണ് മായങ്കിലൂടെ ടീം ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് ടീം സീസണ്‍ അവസാനിപ്പിച്ചത്.