കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് സൗരവ് ഗാംഗുലിയെ തുടരാന്‍ അനുവദിക്കാതിരുന്ന നടപടിയില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന് ബോര്‍ഡില്‍ തുടരാന്‍ സാധിക്കുമെങ്കില്‍ പിന്നെന്താണ് സൗരവിന് അത് കഴിയാത്തതെന്ന് മമത ചോദിച്ചു. കൊല്‍ക്കത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
'എന്താണ് അദ്ദേഹം ചെയ്‌ത തെറ്റ്, അമിത് ഷായുടെ മകൻ ബോർഡിൽ ഉണ്ടാകുമെങ്കിൽ എന്തുകൊണ്ട് സൗരവ് പാടില്ല? ഞാൻ ആരെയും വിമർശിക്കുന്നില്ല. നന്നായി പ്രവർത്തിക്കുന്ന ഒരാളെ അംഗീകരിക്കും. മോശമായി ചെയ്യുന്ന ഒരാൾ പ്രശംസിക്കപ്പെടില്ല', മമത ബാനര്‍ജി പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും സ്ഥാനം നഷ്‌ടപ്പെട്ട സൗരവ് ഗാംഗുലിയെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇതിനായി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കും. ബിസിസിഐയില്‍ നിന്നും പുറത്താക്കിയ നടപടിക്ക്, അദ്ദേഹത്തെ ഐസിസിയിലേക്ക് നാമനിര്‍ദേശം ചെയ്യുക മാത്രമാണ് പരിഹാരമെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബിസിസിഐയില്‍ നിന്നും ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാര്‍ എന്നിവര്‍ ഐസിസി ഔദ്യോഗിക പാനലില്‍ എത്തിയത് ഉദ്ധരിച്ചായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.