ദുബായ് : ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ സ്ഥാനനഷ്‌ടമില്ലാതെ ഇന്ത്യൻ താരങ്ങൾ. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എട്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ നായകന്‍ വിരാട് കോലി പത്താം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് പതിനൊന്നാം സ്ഥാനത്താണ്. അതേസമയം ശ്രേയസ് അയ്യർ ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി 35-ാം സ്ഥാനത്തേക്കിറങ്ങി.
ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടാമതും ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. പുതിയ റാങ്കിങ്ങിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ബംഗ്ലാദേശ് ശ്രീലങ്കൻ താരങ്ങളാണ്.
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ 88 റണ്‍സ് നേടിയ ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ് മൂന്ന് സ്ഥാനം ഉയർന്ന് പതിനേഴാം റാങ്കിലെത്തിയപ്പോൾ ശ്രീലങ്കൻ വെറ്ററൻ താരം ആഞ്ചലോ മാത്യൂസ് അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 21-ാം റാങ്കിലെത്തി. ബംഗ്ലാദേശ് ബാറ്റർ മുഷ്‌ഫിഖുർ റഹീം നാല് സ്ഥാനം മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തേക്ക് എത്തിയപ്പോൾ തമീം ഇഖ്‌ബാൽ എട്ട് സ്ഥാനം ഉയർന്ന് 27-ാം റാങ്കിലെത്തി.
ബോളർമാരുടെ റാങ്കിങ്ങിൽ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്തും ജസ്‌പ്രീത് ബുംറ മൂന്നാം സ്ഥാനത്തും തുടരുന്നു. മറ്റ് ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമി പതിനാറാം സ്ഥാനത്തും രവീന്ദ്ര ജഡേജ പതിനേഴാം സ്ഥാനത്തുമാണ്.