അമരാവതി : പ്രതിഭയുടെയും കഠിനാധ്വാനത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന് കപിൽ ദേവ്. ആന്ധ്രയിലെ പരുൾ യൂണിവേഴ്‌സിറ്റി വിദ്യര്‍ഥികളുമായി സംസാരിക്കവെയാണ് കപില്‍ ഇക്കാര്യം പറഞ്ഞത്. നമ്മുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ ആകര്‍ഷിക്കാനാവരുതെന്നും കപില്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.
"ചിലപ്പോൾ, ചില ചെറുപ്പക്കാർ മറ്റുള്ളവരെ ആകർഷിക്കാന്‍ വേണ്ടിയാണ് എന്തെങ്കിലും ചെയ്യുന്നത്. ആദ്യം സ്വയം സ്നേഹിക്കുകയും നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ അഭിനിവേശം കൊണ്ടുവരികയും ചെയ്യുകയെന്നത് പ്രധാനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അഭിനിവേശത്തിനും കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും മറ്റൊന്നും പകരമാവില്ല.
സച്ചിൻ ടെണ്ടുൽക്കറാണ് പ്രതിഭയുടെയും കഠിനാധ്വാനത്തിന്‍റേയും മികച്ച ഉദാഹരണം. നിങ്ങൾ കഴിവുള്ളവരാണെങ്കിലും, വേണ്ടത്ര കഠിനാധ്വാനം ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് വിനോദ് കാംബ്ലിയുടെ വഴിയെ പോകാം. നിങ്ങളുടെ വിധി മനോഹരമാണെങ്കിൽ, മുന്നോട്ടുള്ള പാതയെക്കുറിച്ച് എന്തിന് വിഷമിക്കണം" - കപില്‍ പറഞ്ഞു.
സച്ചിനും കാംബ്ലിയും : തന്‍റെ 16-ാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിൻ, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്ററാണ്. 24 വർഷത്തെ കരിയറില്‍ 34000-ലധികം റൺസും 100 അന്താരാഷ്ട്ര സെഞ്ചുറികളും നേടിയ താരം കൈവശം വയ്ക്കാത്ത ബാറ്റിങ് റെക്കോർഡുകള്‍ നന്നേ കുറവാണ്.
എന്നാല്‍ അസാമാന്യപ്രതിഭയുണ്ടായിട്ടും കരിയറില്‍ പരാജയപ്പെട്ട താരമായാണ് കാംബ്ലിയെ വിലയിരുത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുണ്ടായിരുന്നിട്ടും (54.20) തന്‍റെ 23ാം വയസിലാണ് കാംബ്ലി അവസാന ടെസ്റ്റ് കളിച്ചത്. തുടര്‍ന്ന് ഏകദിനത്തില്‍ മാത്രം പരിഗണിക്കപ്പെട്ട താരം ഫോര്‍മാറ്റില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് 28ാം വയസിലാണ്.
17 ടെസ്റ്റുകളില്‍ നിന്നും 1084 റണ്‍സും, 104 ഏകദിനങ്ങളില്‍ നിന്നും 2447 റണ്‍സുമാണ് കാംബ്ലിക്ക് നേടാനായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കപിലിന്‍റെ പരാമര്‍ശം. സ്വപ്‌നങ്ങള്‍ക്ക് വേണ്ടി എല്ലാം മറന്ന് പരിശ്രമിക്കണമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.