ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വിജയക്കുതിപ്പ് തുടരുന്ന ന്യൂസിലന്‍ഡിന് വീണ്ടും തിരിച്ചടിയായി നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ (Kane Williamson) പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വില്യംസണിന്‍റെ കൈവിരലിനാണ് പരിക്കേറ്റത് (Kane Williamson Injury). ഈ സാഹചര്യത്തില്‍ അഫ്‌ഗാനിസ്ഥാനെതിരായ കിവീസിന്‍റെ അടുത്ത മത്സരം വില്യംസണിന് നഷ്‌ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ഇക്കഴിഞ്ഞ ഐപിഎല്ലിനിടെ പരിക്കേറ്റ വില്യംസണ്‍ ആറ് മാസത്തോളം കളിക്കളത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് ഈ ലോകകപ്പിലൂടെയാണ് താരം കിവീസ് ടീമിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളിലും വില്യംസണ്‍ കളിക്കാനിറങ്ങി.
ഇതിന് പിന്നാലെ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നതോടെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വില്യംസണ്‍ കളിച്ചിരുന്നില്ല. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്‌ടപ്പെട്ട താരം ഇന്നലെ (ഒക്‌ടോബര്‍ 13) ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഈ മത്സരത്തില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനും കിവീസ് നായകന് സാധിച്ചു.
ചെപ്പോക്കില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനായി മൂന്നാമനായി ക്രീസിലെത്തിയ വില്യംസണ്‍ നിലയുറപ്പിച്ച് റണ്‍സ് കണ്ടെത്താനായിരുന്നു ശ്രമിച്ചത്. ഈ ശ്രമത്തില്‍ താരം വിജയിക്കുകയും ചെയ്‌തിരുന്നു. 107 പന്തില്‍ 78 റണ്‍സുമായി ക്രീസില്‍ നില്‍ക്കവെയായിരുന്നു വില്യംസണ് പരിക്കേല്‍ക്കുന്നത്.
ഡാരില്‍ മിച്ചലിനൊപ്പം സിംഗിളിനായി ഓടുന്നതിനിടെ ബംഗ്ലാദേശ് താരത്തിന്‍റെ ത്രോ വില്യംസണിന്‍റെ ഇടതുകയ്യില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി കളം വിടുകയായിരുന്നു. വില്യംസണ്‍ മടങ്ങിയെങ്കിലും അനായാസം തന്നെ ജയത്തിലേക്ക് എത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. ബംഗ്ലാദേശ് താരത്തിന്‍റെ ഏറുകൊണ്ട വിരല്‍ വീര്‍ത്തിട്ടുണ്ടെന്നും ബാറ്റ് പിടിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും വില്യംസണ്‍ വ്യക്തമാക്കിയിരുന്നു.
ബംഗ്ലാദേശിനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ന്യൂസിലന്‍ഡിനായി. മൂന്ന് മത്സരങ്ങളും ജയിച്ച അവര്‍ക്ക് ആറ് പോയിന്‍റാണ് നിലവില്‍. ചെപ്പോക്കില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് മുഷ്‌ഫിഖര്‍ റഹീമിന്‍റെയും ക്യാപ്‌റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍റെയും ബാറ്റിങ് മികവിലായിരുന്നു ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിനായി നായകന്‍ കെയ്‌ന്‍ വില്യംസണൊപ്പം ഡാരില്‍ മിച്ചലും (89) അര്‍ധസെഞ്ച്വറി നേടി. രണ്ട് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം കിവീസ് മറികടന്നത്.