ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശ്രീലങ്കയോടും തോറ്റതോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്‍റെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) യാത്ര ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരൊറ്റ ജയം മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. പോയിന്‍റ് പട്ടികയിലാകട്ടെ ഒന്‍പതാം സ്ഥാനത്താണ് നിലവില്‍ ഇംഗ്ലീഷ് പടയുടെ സ്ഥാനവും.
ഇന്നലെ (ഒക്ടോബര്‍ 26) ശ്രീലങ്കയോട് എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് തോറ്റത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 റണ്‍സില്‍ ഓള്‍ ഔട്ട് ആയപ്പോള്‍ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 26-ാം ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു (England vs Sri Lanka). ഈ തോല്‍വിയോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ എന്തായിരിക്കും തന്‍റെ ഭാവിയെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവരുടെ ക്യാപ്‌റ്റന്‍ ജോസ് ബട്‌ലര്‍ (Jos Buttler About His Future In England Team).
ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകന്‍ ഒയിന്‍ മോര്‍ഗന്‍റെ പകരക്കാരനായിട്ടായിരുന്നു ജോസ് ബട്‌ലര്‍ വൈറ്റ് ബോള്‍ (ഏകദിനം, ടി20) ടീമിന്‍റെ ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നാലെ, ജോസ് ബട്‌ലറിന് കീഴില്‍ കളിച്ചായിരുന്നു ഇംഗ്ലണ്ട് 2022ലെ ടി20 ലോകകപ്പ് സ്വന്തമാക്കിയത്.
'തുടര്‍ തോല്‍വികളില്‍ ഒരു ടീം വലയുമ്പോള്‍ അവരുടെ ക്യാപ്‌റ്റനെ പലരും ചോദ്യം ചെയ്യും. ഓരോ താരങ്ങളില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെ കുറിച്ചും ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനെ കുറിച്ചും നിങ്ങള്‍ക്കും ധാരണയുണ്ടാകും. ക്യാപ്‌റ്റനെന്ന നിലയിലും താരമെന്ന നിലയിലും എനിക്ക് ഇപ്പോഴും ആത്മവിശ്വാസം ഉണ്ട്.
എന്നാല്‍, ഞാന്‍ ഇനിയും ക്യാപ്‌റ്റനായി തുടരണോ എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ അതിന് ഉത്തരം പറയാന്‍ എനിക്ക് സാധിക്കില്ല. ടീമില്‍ എനിക്ക് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അക്കാര്യത്തില്‍ വ്യക്തമായ ഒരു മറുപടി നല്‍കാന്‍ സാധിക്കുന്നത്' - ജോസ് ബട്‌ലര്‍ പറഞ്ഞു.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ക്കായി ഓപ്പണര്‍മാരായ ഡേവിഡ് മലാനും (28), ജോണി ബെയര്‍സ്റ്റോയും (30) ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍, ആദ്യ വിക്കറ്റിന് പിന്നാലെ ഉണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഇംഗ്ലീഷ് നിരയ്‌ക്ക് സാധിക്കാതെ വരികയായിരുന്നു.
73 പന്തില്‍ 43 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ശ്രീലങ്കയ്‌ക്ക് വേണ്ടി ഏഴോവര്‍ പന്തെറിഞ്ഞ ലഹിരു കുമാര മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാതും നിസ്സങ്ക, സധീര സമരവിക്രമ എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ശ്രീലങ്കയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്.