ഓക്‌ലന്‍ഡ് : അന്താരാഷ്‌ട്ര കരിയറില്‍ നിര്‍ണായമായ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി. വനിത ഏകദിനത്തില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടമാണ് ജുലന്‍ സ്വന്തം പേരിലാക്കിയത്.
വനിത ലോകകപ്പില്‍ ഓസ്‌ട്രേലിക്കെതിരെയാണ് ജുലന്‍ തന്‍റെ 200ാം മത്സരത്തിനിറങ്ങിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജാണ് ജുലന് മുന്നെ 200 മത്സരങ്ങള്‍ തികച്ച താരം. നിലവില്‍ 230 മത്സരങ്ങളുമായി ഏറ്റവും അധികം ഏകദിനങ്ങള്‍ കളിച്ച വനിത താരമെന്ന നേട്ടവും മിതാലിയുടെ പേരിലാണ്. 191 ഏകദിനങ്ങൾ കളിച്ച മുൻ ഇംഗ്ലണ്ട് താരം കാർലറ്റ് എഡ്വേർഡ്‌സാണ് മൂന്നാം സ്ഥാനത്ത്.
നേരത്തെ ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ വനിത താരം, ഏകദിന ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തുന്ന വനിത താരം എന്നിങ്ങനെയുള്ള റെക്കോഡുകളും ജുലന്‍ സ്വന്തമാക്കിയിരുന്നു.
also read: വനിത ലോകകപ്പ് : അവസാന ഓവര്‍ വരെ നീണ്ടു നിന്ന പോരാട്ടം; ഓസീസിനെതിരെ ഇന്ത്യയ്‌ക്ക് തോല്‍വി
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ മുൻ ഓസ്‌ട്രേലിയൻ താരം ലിൻ ഫുൾസ്റ്റണിന്‍റെ 39 വിക്കറ്റുകളെന്ന നേട്ടമാണ് ജുലന്‍ മറികടന്നത്. 34 വർഷങ്ങള്‍ക്ക് മുന്നെയാണ് ലിൻ ഫുൾസ്റ്റണ്‍ പ്രസ്‌ത റെക്കോഡ് സ്ഥാപിച്ചത്.