ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 'രാജാക്കന്മാര്‍' തമ്മിലുള്ള പോരാട്ടത്തില്‍ മികച്ച സ്‌കോറില്‍ മത്സരം അവസാനിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. പതിവിന് വിപരീതമായി ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സാണ് നേടിയത്. മത്സരത്തിന്‍റെ ഭൂരിഭാഗ സമയവും ക്രീസിലുറച്ച് നിന്ന് ബാറ്റുകൊണ്ട് ചെന്നൈയ്‌ക്ക് തലവേദന സൃഷ്‌ടിച്ച യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
റോയലായി തകര്‍ത്തടിച്ച്: ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ തന്നെ തകര്‍ത്തടിക്കുകയാണ് ലക്ഷ്യമെന്ന രാജസ്ഥാന്‍റെ നിലപാട് വ്യക്തമായിരുന്നു. ഓപ്പണര്‍മാരായെത്തിയ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ഈ ദൗത്യം വിജയകരമായി തന്നെ ക്രീസില്‍ നടപ്പിലാക്കി. എന്നാല്‍ സാധാരണായി എതിര്‍ ടീമിനെ വലയ്‌ക്കാറുള്ള ബട്‌ലര്‍ പതിഞ്ഞ താളത്തിലായിരുന്നു തുടങ്ങിയത്. യശസ്വിയാവട്ടെ തുടക്കം മുതലേ വെടിക്കെട്ടും. പവര്‍പ്ലേ പിന്നിടുമ്പോഴും വിക്കറ്റ് നഷ്‌ടപ്പെടുത്താതെ മുന്നേറിയ രാജസ്ഥാന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ പരമാവധി പരിശ്രമിച്ചു. ഒടുവില്‍ എട്ടാമത്തെ ഓവറില്‍ ചെന്നൈയുടെ വിശ്വസ്ഥനായ രവീന്ദ്ര ജഡേജയുടെ ഓര്‍ത്തഡോക്‌സ് സ്‌പിന്നിന് മുന്നില്‍ ജോസ് ബട്‌ലര്‍ വീണു. 21 പന്തില്‍ 27 റണ്‍സ് മാത്രം നേടി ശിവം ദുബെയ്‌ക്ക് ക്യാച്ച് നല്‍കി ബട്‌ലര്‍ കൂടാരം കയറുമ്പോള്‍ രാജസ്ഥാന്‍റെ സ്‌കോര്‍ ബോര്‍ഡില്‍ 86 റണ്‍സായിരുന്നു.
പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണ്‍ ക്രീസിലെത്തി. താളം കണ്ടെത്തി ബാറ്റിങ് പൂരം തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെ തന്നെ സഞ്ജുവും മടങ്ങി. 17 പന്തില്‍ 17റണ്‍സ് മാത്രം ടീം സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനെ രാജസ്ഥാന്‍ നായകന് കഴിഞ്ഞുള്ളു. തുഷാര്‍ ദേശ്‌പാണ്ഡെയുടെ മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ റുതുരാജ് ഗെയ്‌ക്‌വാദാണ് സഞ്ജുവിനെ മടക്കിയത്. പിന്നാലെയെത്തിയ രാജസ്ഥാന്‍റെ പവര്‍ഹിറ്റര്‍ ഹെറ്റ്മെയര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 10 പന്തില്‍ എട്ട് റണ്‍സ് മാത്രം ടീം സ്‌കോറിനോട് ചേര്‍ത്തായിരുന്നു ഹെറ്റ്‌മെയറുടെ മടക്കം.
മികച്ച സ്‌കോറിലേക്ക്: തുടര്‍ന്നെത്തിയ ധ്രുവ് ജൂറല്‍ രാജസ്ഥാന്‍ ഇന്നിങ്‌സിന് കരുത്തുപകര്‍ന്നു. എന്നാല്‍ അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ ധ്രുവും മടങ്ങി. എന്നാല്‍ നിര്‍ണായക സമയത്ത് 15 പന്തില്‍ 34 റണ്‍സ് നേടിയായിരുന്നു ധ്രുവിന്‍റെ മടക്കം. 13 പന്തില്‍ 27 റണ്‍സുമായി ദേവ്ദത്ത് പടിക്കലും ഒരു പന്തില്‍ ഒരു റണ്‍ നേടിയ അശ്വിനുമാണ് റോയല്‍സിന്‍റെ മറ്റ് സ്‌കോറര്‍മാര്‍. അതേസമയം ചെന്നൈയ്‌ക്കായി തുഷാര്‍ ദേശ്‌പാണ്ഡെ രണ്ടും മഹീഷ് തീക്ഷ്‌ണ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
ജയിച്ചുകയറാന്‍: ഇന്നത്തെ മത്സരത്തിലൂടെ വിജയക്കുതിപ്പ് തുടരാനാണ് ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ ശ്രമമെങ്കില്‍ തുടർതോൽവികളിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ റോയൽസെത്തുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ മികച്ച വിജയം നേടിയ ആത്മവിശ്വാസമുണ്ടെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരെ ജയിച്ചെന്നുറപ്പിച്ച മത്സരങ്ങള്‍ കൈവിട്ടതിന്‍റെ ക്ഷീണംമാറ്റല്‍ കൂടിയാണ് രാജസ്ഥാന്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ചെന്നൈ എത്തിയതെങ്കില്‍ തങ്ങളുടെ വജ്രായുധമായ സ്‌റ്റാര്‍ പേസര്‍ ട്രെന്‍റ് ബോൾട്ടിന് പകരം ആദം സാംപയെ ടീമില്‍ ഉള്‍പ്പെടുത്തിയായിരുന്നു രാജസ്ഥാന്‍ എത്തിയത്.