ദുബായ്: വെള്ളിയാഴ്ച നടന്ന ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്താണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം നേടിയത്. 40കാരനായ ധോണിക്ക് കീഴില്‍ ഒമ്പതാം ഫൈനലിനിറങ്ങിയ ചെന്നൈയുടെ നാലാം കിരീടമായിരുന്നു ഇത്.
ഇതോടെ ഐപിഎല്‍ കിരീടമുയര്‍ത്തുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന നേട്ടം സ്വന്തമാക്കാന്‍ ധോണിക്ക് കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായിരുന്ന ഓസീസ് താരം ഷെയ്ന്‍ വോണിന്‍റെ റെക്കോഡാണ് ധോണി മറികടന്നത്. 2008-ല്‍ 39-ാം വയസിലായിരുന്നു വോണ്‍ രാജസ്ഥാനെ കിരീടത്തിലെത്തിച്ചത്.
ഇതോടൊപ്പം ഐപിഎല്ലില്‍ മൂന്ന് കിരീടങ്ങളില്‍ കൂടുതല്‍ നേടുന്ന രണ്ടാമത്തെ നായകനെന്ന നേട്ടവും ധോണി സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് കിരീടങ്ങളുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ ധോണിക്ക് മുന്നിലുള്ളത്.
ക്യാപ്റ്റന്‍ @ 300
മത്സരത്തോടെ ടി20 ഫോര്‍മാറ്റില്‍ 300 മത്സരങ്ങളില്‍ ടീമിനെ നയിക്കുന്ന ആദ്യ നായകനാവാനും ധോണിക്കായി. ഇതിൽ 214 മത്സരങ്ങളിൽ ചെന്നൈയെയാണ് ധോണി നയിച്ചിട്ടുള്ളത്. ഐപിഎല്ലിന്‍റെ 14 സീസണുകളിൽ 12ലും താരം ചെന്നൈയുടെ ക്യാപ്റ്റനായിരുന്നു.
രണ്ട് സീസണുകളിൽ ചെന്നൈയ്‌ക്ക് സസ്പെന്‍ഷന്‍ ലഭിച്ചപ്പോള്‍ റെയ്‌സിങ് പൂനെ സൂപ്പർ ജയന്‍റ്സിന്‍റെ താരമായിരുന്നു ധോണി. ഇതില്‍ ഒരു സീസണില്‍ ധോണി പൂനെയെ നയിച്ചപ്പോള്‍ സ്റ്റീവ് സ്മിത്തിന് കീഴില്‍ ഒരു തവണ ഫൈനല്‍ കളിക്കാനും താരത്തിനായി. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഇന്ത്യയ്‌ക്ക് നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയാണ് ധോണി.
also read: ചെന്നൈക്കൊപ്പം തുടരും; ആരാധകര്‍ക്ക് 'തല'യുടെ ഉറപ്പ്
208 മത്സരങ്ങളില്‍ നായകനായ ഡാരൻ സമിയാണ് ധോണിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്.