ജയ്‌പൂര്‍: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്നലെ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞതായിരുന്നു ഇന്നലെ ഇവിടെ നടന്ന രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം. വമ്പന്‍ ട്വിസ്റ്റുകള്‍ക്ക് ശേഷമായിരുന്നു ഈ മത്സരത്തില്‍ ആതിഥേയരായ രാജസ്ഥാനെ വീഴ്‌ത്തി ഹൈദരാബാദ് ജയം പിടിച്ചത്.
സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന ഈ മത്സരം രാജസ്ഥാന്‍ പേസര്‍ സന്ദീപ് ശര്‍മ്മ ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെയും മുന്‍ താരമായ ലക്ഷ്‌മിപതി ബാലാജി. മത്സരത്തിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ നടന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
'ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് രാജസ്ഥാന് ജയം സമ്മാനിക്കാന്‍ സന്ദീപിനായി. ഇവിടെ അത് പോലെ മറ്റൊരു അവസരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍ ആ നോ ബോള്‍ നിര്‍ഭാഗ്യമായി മാറി. അവസാന പന്ത് എറിയുന്നതിന് മുന്‍പ് വരെ കാര്യങ്ങള്‍ അനുകൂലമായി തന്നെ നിലനിര്‍ത്താന്‍ അവന് കഴിഞ്ഞിരുന്നു.
ആ ക്യാച്ചിന് പിന്നാലെ മത്സരം ഒരു നേരത്തേക്കെങ്കിലും അവസാനിച്ചുവെന്ന് അവന്‍ കരുതി. എന്നാല്‍ പെട്ടന്നായിരുന്നു ആ സൈറണ്‍ ശബ്‌ദം ഉയര്‍ന്നത്. പിന്നീട് തനിക്ക് സംഭവിച്ച പിഴവ് അവന്‍ ഇനി മറക്കാന്‍ സാധ്യതയില്ല', ബാലാജി പറഞ്ഞു.
Also Read : IPL 2023 | മത്സരത്തിന്‍റെ വിധിമാറ്റിയത് ആ 'നോ ബോള്‍'; തോറ്റതിനെ കുറിച്ച് സഞ്‌ജു സാംസണ്‍
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഹൈദരാബാദിന് മുന്നിലേക്ക് വച്ചത് 215 എന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു. ആ റണ്‍മലയിലേക്ക് പതിയെ എത്തിയ ഹൈദരാബാദിന് അവസാന ഓവറില്‍ 17 റണ്‍സ് അകലെ ആയിരുന്നു ജയം. ഈ സ്‌കോര്‍ പ്രതിരോധിക്കാനുള്ള ദൗത്യം ലഭിച്ചത് രാജസ്ഥാന്‍ ബൗളര്‍ സന്ദീപ് ശര്‍മ്മയ്‌ക്കും.
ഓവറിലെ രണ്ടാം പന്തില്‍ സിക്‌സര്‍ വഴങ്ങിയ സന്ദീപ് പിന്നീട് കൃത്യമായി പന്തെറിഞ്ഞ് ഹൈദരാബാദിന്‍റെ അബ്‌ദുല്‍ സമദിനെയും മാര്‍ക്കോ യാന്‍സനെയും പൂട്ടി. അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
സന്ദീപിന്‍റെ ഓവറിലെ അവസാന പന്ത് സമദ് കൂറ്റന്‍ ഷോട്ട് പായിച്ചെങ്കിലും താരം അടിച്ചുയര്‍ത്തിയ പന്ത് ലോങ് ഓഫില്‍ രാജസ്ഥാന്‍റെ ജോസ് ബട്‌ലര്‍ പിടിച്ചെടുത്തു. പിന്നാലെ കൈകള്‍ മുകളിലേക്കുയര്‍ത്തി സന്ദീപ് ശര്‍മ്മ വിജയാഘോഷം ആരംഭിച്ചു. ഇതിനിടെ മൈതാനത്ത് പൊടുന്നനെ നോബോള്‍ സൈറണ്‍ മുഴങ്ങുകയും സന്ദീപിന് ആ പന്ത് വീണ്ടും എറിയേണ്ടി വരികയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ലഭിച്ച ഫ്രീ ഹിറ്റ് സിക്‌സര്‍ പറത്തി അബ്‌ദുല്‍ സമദ് ഹൈദരാബാദിന് നാടകീയ ജയം സമ്മാനിക്കുകയായിരുന്നു.