ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 200 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 199 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്.
51 പന്തില്‍ 79 റണ്‍സെടുത്ത ബട്‌ലറാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. യശസ്വി 31 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും സഹിതം 60 റണ്‍സാണ് അടിച്ച് കൂട്ടിയത്. വെടിക്കെട്ട് തുടക്കമായിരുന്നു രാജസ്ഥാന് ബട്‌ലറും ജയ്‌സ്വാളും നല്‍കിയത്.
ജയ്‌സ്വാളായിരുന്നു കൂടുതല്‍ അപകടകാരി. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ അഞ്ച് ഫോറുകളടക്കം 20 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്. ആൻറിച്ച് നോർട്ട്ജെ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് ഫോറുകള്‍ നേടിയ ബട്‌ലറും താരത്തിനൊപ്പം ചേര്‍ന്നതോടെ ആദ്യ നാലോവറില്‍ തന്നെ രാജസ്ഥാന്‍ സ്‌കോര്‍ 50-ല്‍ എത്തി.
പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 68 റണ്‍സായിരുന്നു ടീം ടോട്ടലിലുണ്ടായിരുന്നത്. പിന്നാലെ യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി തികച്ചു. വെറും 25 പന്തുകളില്‍ നിന്നായിരുന്നു താരം അന്‍പതിലെത്തിയത്. 16-ാം സീസണില്‍ താരത്തിന്‍റെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.
തുടര്‍ന്നും ആക്രമണം തുടര്‍ന്ന ജയ്‌സ്വാളിനെ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി മുകേഷ് കുമാറാണ് ഡല്‍ഹിക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 98 റണ്‍സായിരുന്നു ജയ്‌സ്വാളും ബട്‌ലറും ചേര്‍ന്ന് രാജസ്ഥാന്‍റെ ടോട്ടലില്‍ ചേര്‍ത്തത്.
മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ് അധികം ആയുസുണ്ടായില്ല. കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ സഞ്‌ജുവിന്‍റെ ബാറ്റില്‍ വലിയ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ നാല് പന്തുകള്‍ നേരിട്ട താരത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.
കുല്‍ദീപ് യാദവിനെ സിക്‌സറിന് പറത്താനുള്ള സഞ്‌ജുവിന്‍റെ ശ്രമം ലോങ് ഓണില്‍ ആന്‍റിച്ച് നോര്‍ജെയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ റിയാന്‍ പരാഗിനെ സാക്ഷിയാക്കി ബട്‌ലര്‍ അര്‍ധ സെഞ്ചുറി തികച്ചു. 32 പന്തുകളില്‍ നിന്നാണ് ബട്‌ലര്‍ സീസണിലെ തന്‍റെ രണ്ടാം സെഞ്ചുറി നേടിയത്. എന്നാല്‍ അധികം വൈകാതെ തന്നെ പരാഗിനെ രാജസ്ഥാന് നഷ്‌ടമായി.
11 പന്തില്‍ നിന്ന് ഏഴ് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ താരത്തെ റോവ്മാന്‍ പവല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഈ സമയം 13.5 ഓവറില്‍ മൂന്നിന് 126 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. തുടര്‍ന്ന് ഒന്നിച്ച ബട്‌ലറും ഷിമ്രോണ്‍ ഹെറ്റ്‌മയറും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.
19-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ബട്‌ലറെ സ്വന്തം പന്തില്‍ പിടികൂടി മുകേഷ് കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റില്‍ 46 റണ്‍സാണ് ഇരുവരും കണ്ടെത്തിയത്. 21 പന്തില്‍ 39 റണ്‍സുമായി ഷിമ്രോൺ ഹെറ്റ്‌മെയറും മൂന്ന് പന്തില്‍ ഏട്ട് റണ്‍സുമായി ധ്രുവ് ജൂറലും പുറത്താവാതെ നിന്നു.