ദുബായ് : യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്‍റെ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്‍റീനുണ്ടാവില്ലെന്ന് ബിസിസിഐ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, ബയോ ബബിൾ ലംഘനം നടത്തുന്ന താരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ നടപടിയുണ്ടാവുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ താരങ്ങൾ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പേ ആർടിപിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ അതാത് ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരാനാവൂ.
താരങ്ങളോടൊപ്പമെത്തുന്ന കുടുംബാംഗങ്ങളും ബയോ ബബിള്‍ വിട്ട് പുറത്ത് പോവാന്‍ പാടുള്ളതല്ല. തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ പുറത്ത് പോവുകയാണെങ്കില്‍ തിരികെ പ്രവേശിക്കും മുമ്പ് ആറ് ദിവസം ക്വാറന്‍റീനിൽ കഴിയുകയും 2, 4, 6 ദിവസങ്ങളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്യേണ്ടതുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.
also read: 'നീരജിന്‍റെ വിജയം വരും തലമുറയ്ക്ക് പ്രചോദനമാവും': അനുരാഗ് താക്കൂര്‍
സെപ്റ്റംബർ 19 മുതൽക്കാണ് ദുബായില്‍ ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. അതേസമയം ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്.