മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 158 റണ്‍സ് വിജയലക്ഷ്യം. സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 21 പന്തില്‍ 32 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
ടിം ഡേവിഡ് (22 പന്തില്‍ 31), തിലക് വര്‍മ (18 പന്തില്‍ 22), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ 21) എന്നിങ്ങനെയാണ് മറ്റ് പ്രധാന താരങ്ങളുടെ സംഭാവന. വാലറ്റത്ത് 13 പന്തില്‍ 18 റണ്‍സ് നേടി പുറത്താവാതെ നിന്ന ഹൃത്വിക് ഷോക്കീന്‍റെ പ്രകടനമാണ് മുംബൈയെ 150 കടത്തിയത്.
10 ഓവര്‍ പിന്നിടുമ്പോഴേക്കും 76 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ആതിഥേയര്‍ തകര്‍ന്നിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. നാലാം ഓവറിലെ അവസാന പന്തില്‍ ബൗള്‍ഡായാണ് രോഹിത് തിരിച്ച് കയറിയത്. തുഷാര്‍ ദേശ്‌പാണ്ഡെയ്‌ക്കായിരുന്നു വിക്കറ്റ്.
രോഹിത് മടങ്ങിയെങ്കിലും ഇഷാന്‍ കിഷന്‍ സംഘത്തിന്‍റെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പവര്‍ പ്ലേയ്ക്ക് തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജ ഇഷാനെ വീഴ്ത്തി. പിന്നാലെ സൂര്യകുമാര്‍ യാദവ് (2പന്തില്‍ 1) , കാമറൂണ്‍ ഗ്രീന്‍ (11 പന്തില്‍ 12), അർഷദ് ഖാൻ (4 പന്തില്‍ 2) എന്നിവരും മടങ്ങിയതോടെ മുംബൈ തകര്‍ന്നു.
തുടര്‍ന്ന് ഒന്നിച്ച തിലക് വര്‍മയും ടിം ഡേവിഡും മുംബൈയ്‌ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 13ാം ഓവറിന്‍റെ അവസാന പന്തില്‍ തിലകിനെ വിക്കറ്റിന് മുന്നില്‍ കുടക്കിയ ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്നെത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സ് പ്രതിരോധിച്ച് കളിച്ചെങ്കിലും 10 പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ താരം സിസന്ദ മഗലയ്‌ക്ക് മുന്നില്‍ വീണു.
ALSO READ: IPL 2023 | വിജയവഴിയില്‍ തിരിച്ചെത്തി രാജസ്ഥാന്‍ ; ഡല്‍ഹിക്ക് തുടര്‍ തോല്‍വി
17ാം ഓവറിന്‍റെ അവസാന പന്തിലാണ് ടിം ഡേവിഡ് പുറത്താവുന്നത്. ഹൃത്വിക്കിനൊപ്പം പിയുഷ് ചൗളയും (6 പന്തില്‍ 5) പുറത്താവാതെ നിന്നു. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മിച്ചല്‍ സാന്‍റ്‌നര്‍, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നേരത്തെ ടോസ് നേടിയ ചെന്നൈ നായകന്‍ എംഎസ് ധോണി മുംബൈയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു.
മുംബൈ ഇന്ത്യൻസ് (പ്ലെയിങ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ടിം ഡേവിഡ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, അർഷദ് ഖാൻ, ഹൃത്വിക് ഷോക്കീൻ, പിയുഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലെയിങ് ഇലവൻ): ഡെവൺ കോൺവെ, റിതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി(ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ദീപക് ചാഹർ, മിച്ചൽ സാന്‍റ്‌നര്‍, സിസന്ദ മഗല, തുഷാർ ദേശ്‌പാണ്ഡെ.