കൊല്‍ക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ പുതിയ സീസണിലേക്ക് കരുത്ത് കൂട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇംഗ്ലണ്ട് ബാറ്റര്‍ ജേസൺ റോയിയെയാണ് കൊല്‍ക്കത്ത പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്. 1.5 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജേസണ്‍ റോയ്‌ക്കായി 2.8 കോടി രൂപയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയത്.
ഐപിഎല്‍ ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റും ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അൽ ഹസൻ അന്താരാഷ്‌ട്ര തിരക്കുകളാലും പിന്മാറിയ പശ്ചാത്തലത്തിലാണ് കൊല്‍ക്കത്തയുടെ നടപടി. നേരത്തെ 2021 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് ജേസണ്‍ റോയ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.
അന്ന് അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 150 റണ്‍സായിരുന്നു ഇംഗ്ലീഷ് താരം നേടിയത്. 2017, 2018 സീസണുകളിലും 32 കാരനായ ജേസണ്‍ റോയ് ലീഗിന്‍റെ ഭാഗമായിട്ടുണ്ട്. ഇംഗ്ലണ്ടിനായി 64 ടി20 മത്സരങ്ങള്‍ കളിച്ച താരം 137.61 പ്രഹര ശേഷിയില്‍ 1522 റണ്‍സാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. എട്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.
ശ്രേയസ് അയ്യര്‍ക്ക് ശസ്‌ത്രക്രിയ: നടുവിനേറ്റ പരിക്ക് വിടാതെ പിടിച്ചിരിക്കുന്ന കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വിശ്വസ്‌ത മധ്യനിര താരമായ ശ്രേയസിന് കഴിഞ്ഞ ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെയാണ് പരിക്കേല്‍ക്കുന്നത്. ഇതോടെ ന്യൂസിലൻഡിന് എതിരായ വൈറ്റ് ബോള്‍ പരമ്പര പൂര്‍ണമായും 28കാരന് നഷ്‌ടമായിരുന്നു.
തുടര്‍ന്ന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷം ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് സമയം നല്‍കുന്നതിന്‍റെ ഭാഗമായി നാല് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രേയസിനെ കളിപ്പിച്ചിരുന്നില്ല.
ബാക്കിയുള്ള ടെസ്റ്റുകളില്‍ ശ്രേയസ് കളിക്കാനിറങ്ങി. എന്നാല്‍ നാലാം ടെസ്റ്റിനിടെ താരം വീണ്ടും പരിക്കിന്‍റെ പിടിയില്‍ ആവുകയായിരുന്നു. ഇതിന് ശേഷം ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയ നിര്‍ദേശിച്ചെങ്കിലും താരം ആദ്യം മടി കാണിച്ചു. വിശ്രമത്തിലൂടെയും മറ്റ് ചികിത്സയിലൂടെയും പരിക്കില്‍ നിന്നും മുക്തി നേടാമെന്നായിരുന്നു ശ്രേയസ് കണക്ക് കൂട്ടിയിരുന്നത്.
ഇതോടെ ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടത്തില്‍ ശ്രേയസ് കൊല്‍ക്കത്തയ്‌ക്കൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പരിക്ക് വിടാതായതോടെയാണ് താരം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവാന്‍ തീരുമാനിച്ചതെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തത്. വിദേശത്ത് വച്ചായിരിക്കും താരത്തിന്‍റെ ശസ്‌ത്രക്രിയ നടക്കുക.
മൂന്ന് മാസം വരെ ശ്രേയസിന് വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ശ്രേയസിന് നഷ്‌ടപ്പെട്ടും. ശ്രേയസിന്‍റെ അഭാവത്തില്‍ നിതീഷ് റാണയ്‌ക്ക് കൊല്‍ക്കത്ത താല്‍ക്കാലികമായി ടീമിന്‍റെ ക്യാപ്റ്റന്‍സി കൈമാറിയിരുന്നു. ശ്രേയസ് പുറത്തായെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ തല്‍സ്ഥാനത്ത് റാണ തുടര്‍ന്നേക്കും.
ALSO READ: 'ശുഭ്‌മാൻ ഗില്ലിനെ കണ്ട് പഠിക്കൂ'; പൃഥ്വി ഷായ്‌ക്ക് ഉപദേശവുമായി വിരേന്ദ്ര സെവാഗ്