മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗബ്ബാറിന്‍റെ പഞ്ചാബ് കിങ്‌സിനെതിരെ ഹാര്‍ദിക്കിന്‍റെ ഗുജറാത്ത് ടൈറ്റന്‍സിന് 154 റണ്‍സ് വിജയലക്ഷ്യം. ഗുജറാത്തിനെതിരെ വലിയ പ്രതീക്ഷകളുമായി ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്സിന് 20 ഓവറില്‍ 153 റണ്‍സ് മാത്രമെ നേടാനായുള്ളു. 24 പന്തുകളില്‍ നിന്നായി 36 റണ്‍സ് നേടിയ മാത്യു ഷോര്‍ട്ടാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍.
ധവാന്‍ വീണു, പിന്നാലെ പഞ്ചാബും: ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട പഞ്ചാബ് കിങ്‌സിന് ഇരുട്ടടിയെന്നോണം ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ ഓപ്പണറായ പ്രഭ്‌സിമ്രാന്‍ സിങിനെ നഷ്‌ടമായി. നായകനായും കപ്പിത്താനുമായി പഞ്ചാബിനെ ഇതുവരെ മുന്നോട്ടുനയിച്ച ശിഖര്‍ ധവാനും പവര്‍പ്ലേ മുഴുവനാക്കാതെ മടങ്ങിയതോടെ ടീമിന്‍റെ താളം തെറ്റി. അര്‍ധ സെഞ്ചുറികളും നിര്‍ണായക ഇന്നിംഗ്‌സുകളുമായി സീസണില്‍ ഇതുവരെ തിളങ്ങിനിന്ന ധവാന് എട്ട് പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രമേ സ്‌കോര്‍കാര്‍ഡില്‍ എഴുതിച്ചേര്‍ക്കാനായുള്ളു. ജോഷ്വ ലിറ്റിലിന്‍റെ പന്തില്‍ അല്‍സാരി ജോസഫിന്‍റെ ക്യാച്ചിലായിരുന്നു ധവാന്‍റെ മടക്കം.
വീഴ്‌ചകള്‍ തുടര്‍ക്കഥ: എന്നാല്‍ പവര്‍പ്ലേയില്‍ തന്നെ തങ്ങളുടെ രണ്ട് ഓപ്പണര്‍മാരെയും നഷ്‌ടപ്പെട്ടുവെങ്കിലും പിന്നീട് ക്രീസിലെത്തിയ മാത്യു ഷോര്‍ട്ടും ഭാനുക രജപക്‌സെയും പഞ്ചാബിനെ മുന്നോട്ടുനയിച്ചു. എന്നാല്‍ ആറാമത്തെ ഓവറിലെ നാലാം പന്തില്‍ റാഷിദ് ഖാന് മുന്നില്‍ ഷോര്‍ട്ടിന് മുട്ടിടിച്ചു. ഇതോടെ ഒരു സിക്‌സും ആറ് ബൗണ്ടറികളുമായി കളംനിറഞ്ഞുനിന്ന ഷോര്‍ട്ടിന് തിരിച്ചുകയറേണ്ടിവന്നു. പിന്നാലെയെത്തിയ ജിതേഷ് ശര്‍മ 23 പന്തുകളില്‍ നിന്ന് 25 റണ്‍സ് നേടി മടങ്ങുമ്പോള്‍ നൂറ് തികയ്ക്കാനാവാതെ 92 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു പഞ്ചാബ് കിങ്സ്.
പെട്ടന്ന് അവസാനിച്ച വെടിക്കെട്ട്: എന്നാല്‍ പിന്നീട് കളത്തിലെത്തിയ സാം കറന്‍ ഭാനുക രജപക്‌സെയ്‌ക്ക് മികച്ച പിന്തുണ നല്‍കി. ഒരുവേള കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചേക്കുമെന്ന് ആരാധകര്‍ പോലും പ്രതീക്ഷിച്ച സമയത്ത് രജപക്‌സെയെ ശുഭ്‌മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച് അല്‍സാരി ജോസഫ് പഞ്ചാബിന്‍റെ മോഹങ്ങള്‍ക്ക് ബ്രേക്കിട്ടു. 26 പന്തില്‍ 20 റണ്‍സ് മാത്രം ടീം സ്‌കോര്‍കാര്‍ഡിലേക്ക് എഴുതിച്ചേര്‍ക്കാനെ രജപക്‌സെയ്ക്കായുള്ളു. അതേസമയം പിന്നാലെയെത്തിയ ഷാറൂഖ് ഖാന്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി മത്സരം നിര്‍ത്തിയയിടത്ത് നിന്നും പുനരാരംഭിക്കുന്നുവെന്ന പ്രതീതി നല്‍കി.
എന്നാല്‍ 18-ാം ഓവറിലെ മോഹിത് ശര്‍മയുടെ ആദ്യപന്തില്‍ സാം കറന്‍ കൂടി മടങ്ങിയതോടെ പഞ്ചാബ് പിന്നീട് ശ്രദ്ധിച്ചത് മത്സരം ഭേദപ്പെട്ട സ്‌കോറില്‍ അവസാനിപ്പിക്കാനായിരുന്നു. ഇതിന്‍റെ പ്രതിഫലനം ബാറ്റിങ്ങില്‍ കണ്ടതോടെ 19-ാം ഓവറിലെ നാലാം പന്തില്‍ ഷാറൂഖും അവസാന പന്തില്‍ റിഷി ധവാനും മടങ്ങി. ഇതോടെ പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സിന് മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഗുജറാത്തിനുവേണ്ടി മോഹിത് ശര്‍മ രണ്ടും, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.