ഹൈദരാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായുള്ള മിന്നും പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്ന പേരാണ് സുയാഷ് ശർമയുടേത്. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഇംപാക്‌ട് പ്ലെയറായെത്തി 19-കാരന്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്. ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഓൾറൗണ്ടർ കർൺ ശർമ എന്നിവരായിരുന്നു സുയാഷിന്‍റെ ഇരകളായി തിരിച്ച് കയറിയത്.
ഈ പ്രകടനത്തിന് കയ്യടി നേടി ക്രിക്കറ്റ് ലോകത്ത് വരവറിയിക്കും മുമ്പ് എറെ കനല്‍ വഴികള്‍ പിന്നിടേണ്ടി വന്ന താരമാണ് സുയാഷ്. അഴിമതി നിറഞ്ഞ ക്രിക്കറ്റ് പരിതസ്ഥിതിയിൽ 'ഗോഡ്‌ഫാദർ' ഇല്ലാതെയാണ് സുയാഷ് ഭാവിയുടെ വാഗ്‌ദാനമായി ഉയര്‍ന്ന് വന്നത്. ആക്ഷനില്‍ മാറ്റം വരുത്താതെ ലെഗ് ബ്രേക്ക് ബോളുകളും ഗൂഗ്ലിയും എറിയുന്ന മികവിനൊപ്പം കൈകളുടെ വേഗത്താലുമാണ് സുയാഷ് പരിശീലകരുടെയും ആരാധകരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നത്.
വ്യവസ്ഥിതികളോട് പൊരുതുന്നതിനൊപ്പം കാൻസർ ബാധിതനായ പിതാവിന്‍റെ രോഗവുമായി ബന്ധപ്പെട്ട ദുഖങ്ങളെയും കിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ നിന്നുള്ള നീളന്‍ മുടിക്കാരനായ സുയാഷിന് നേരിടേണ്ടി വന്നിരുന്നു. മൂന്ന് വർഷം രാജ്യത്തെ പിടിച്ചുലച്ച വർഗീയ കലാപങ്ങളുടെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു ഭജൻപുര.
കഠിനമായ യാത്ര: സുയാഷിനെ സംബന്ധിച്ച് ഈ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ലെന്ന് ഡൽഹി കോച്ച് രൺധീർ സിങ് പ്രതികരിച്ചു. "ഡൽഹിയുടെ മുന്‍ സ്‌പിന്നർ സുരേഷ് ബത്രയുടെ വിദ്യാർഥിയായിരുന്നു സുയാഷ്. അദ്ദേഹത്തിന്‍റെ ക്ലബ്ബിനായാണ് കളിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന അവന്‍, അതിന് ശേഷം മാച്ച് പ്രാക്‌ടീസ് ആഗ്രഹിച്ചതിനാലാണ് എന്‍റെ അടുത്ത് എത്തുന്നത്.
അതു നല്‍കാന്‍ എനിക്ക് സാധിക്കുകയും ചെയ്‌തു. ഡിഡിസിഎ ലീഗിൽ എന്‍റെ മദ്രാസ് ക്ലബിനും ഓപ്പൺ ടൂർണമെന്‍റുകളിൽ റൺ-സ്റ്റാർ ക്ലബിനും വേണ്ടിയും അവന്‍ കളിച്ചിരുന്നു. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തിൽ നിന്നല്ലാത്തതിനാല്‍ കഴിഞ്ഞ ഒരു വർഷം സുയാഷിന് ഏറെ പ്രയാസപ്പെടേണ്ടി വന്നിരുന്നു. അപ്പോഴാണ് അവന്‍റെ പിതാവിന് കാൻസർ സ്ഥിരീകരിക്കുന്നത്.
പിതാവിന്‍റെ ചികിത്സയിൽ സഹായിച്ച ഡല്‍ഹിയുടെ മുന്‍ താരവും നിലവിലെ എംഐ മാനേജറുമായ രാഹുൽ സംഘ്വിയോട് അവന്‍ എന്നേക്കും കടപ്പെട്ടിരിക്കുമെന്ന് ഞാൻ കരുതുന്നു", രൺധീർ സിങ് പറഞ്ഞു. ഡൽഹി ക്ലബ് ക്രിക്കറ്റ് ലാഭകരമായ ഒന്നല്ലാത്തതിനാല്‍ താരങ്ങള്‍ക്ക് ഒരു ചില്ലിക്കാശും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോഡ്‌ഫാദർമാരില്ലാത്ത ഉയര്‍ച്ച: "ഡിഡിസിഎ ചലഞ്ചർ ട്രോഫി ടൂർണമെന്‍റില്‍ ഏഴ് വിക്കറ്റ് നേടിയതോടെയാണ് സുയാഷിന് ഡൽഹി അണ്ടർ 25 ടീമിൽ ഇടംനേടാന്‍ കഴിഞ്ഞത്. വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കുള്ള ടീമിലായിരുന്നു താരത്തിന് ഇടം ലഭിച്ചത്. വൈറ്റ് ബോള്‍ താരമായി വിലയിരുത്തപ്പെട്ടതോടെ റെഡ് ബോൾ ഗെയിമിൽ (സികെ നായിഡു ട്രോഫി) നിന്നും താരത്തെ ഒഴിവാക്കി. അവസരം ലഭിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവന്‍റെ കഴിവുകള്‍ തിരിച്ചറിയാന്‍ കഴിയുകയെന്നും രൺധീർ ചോദിച്ചു.
അണ്ടര്‍ 25 സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞുവെങ്കിലും ഡിഡിസിഎ സര്‍ക്കിളില്‍ പിന്താങ്ങാന്‍ ആളില്ലാത്തതിനാല്‍ സുയാഷിന് പ്ലേയിങ് അവസരം ലഭിക്കുന്ന കാര്യം സംശയമായിരുന്നു. ഇതിനിടെ താരം രാജസ്ഥാനില്‍ നിന്നുള്ളതാണെന്ന പച്ചക്കളം ആരോ പറഞ്ഞ് പരത്തുകയും ചെയ്‌തു. ഒടുവില്‍ രാജസ്ഥാന്‍ ക്രിക്കറ്റിനെ നയിച്ചിരുന്ന ഗഗൻ ഖോഡയുടെയും പങ്കജ് സിങ്ങുമാണ് താരത്തെ പിന്തുണച്ചത്.
തന്‍റെ എല്ലാ മത്സരങ്ങളും ഡല്‍ഹിക്കായാണ് സുയാഷ് കളിച്ചിരുന്നതെങ്കിലും പങ്കജും ഗഗനും ചേര്‍ന്നാണ് താരത്തെ ബിസിസിഐ അണ്ടർ 25 ടൂർണമെന്‍റിനുള്ള വൈറ്റ് ബോൾ ടീമിൽ ഉൾപ്പെടുത്തുന്നത്. രാജസ്ഥാന്‍റെ അണ്ടര്‍ 25 ടീമിന്‍റെ പരിശീലകനാണ് പങ്കജ് സിങ്.
ട്രയല്‍ സമയത്ത് കാണാന്‍ കഴിഞ്ഞ പ്രതിഭയാലാണ് പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതെന്ന് പങ്കജ് സിങ് പറഞ്ഞു. അധികം ഉയരമില്ലെങ്കിലും അവന്‍റെ ഡെലിവറിയിലെ സാങ്കേതികത മികച്ചതായിരുന്നു. അവന് ലെഗ്-ബ്രേക്ക്, ഗൂഗ്ലി എന്നിവ ആക്ഷനിൽ പ്രകടമായ മാറ്റമില്ലാതെ തന്നെ എറിയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ട്രയല്‍സിനായി സുയാഷ് എത്തുന്ന സമയത്ത് ഫ്രാഞ്ചൈസിയുടെ കോച്ചിങ് സ്റ്റാഫിലെ പ്രധാനികളില്‍ ഒരാളായ അഭിഷേക് നായരുമായി അവന്‍റെ കഴിവുകളെക്കുറിച്ച് സംസാരിക്കുകയും ശുപാര്‍ശ നല്‍കുകയും ചെയ്‌തതായും പങ്കജ് സിങ് പറഞ്ഞു. രഞ്ജി ട്രോഫിയോ വിജയ് ഹസാരെയോ സയ്യിദ് മുഷ്‌താഖ് അലിയോ കളിക്കാതെ ഒരു കളിക്കാരന് ഐപിഎല്ലിൽ പെട്ടെന്ന് തിളങ്ങുന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: സഞ്‌ജു സാംസണ്‍ ഇന്ത്യയെ നയിക്കില്ലെന്ന് ആര്‍ക്കറിയാം; വമ്പന്‍ പ്രവചനവുമായി ഡിവില്ലിയേഴ്‌സ്