ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. മുംബൈയുടെ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സണ്‍റൈസേഴ്‌സ് 178 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. 48 റൺസെടുത്ത മായങ്ക് അഗർവാളിനും 16 പന്തിൽ 36 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും മാത്രമേ സൺറൈസേഴസ് നിരയിൽ പിടിച്ച് നിൽക്കാനായുള്ളു.
മുംബൈയുടെ മികച്ച സ്കോർ പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന്‍റെ തുടക്കം ഞെട്ടലോടെയായിരുന്നു. രണ്ടാം ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ഹാരി ബ്രൂക്കിനെ സംഘത്തിന് നഷ്‌ടമായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരനായ ബ്രൂക്കിനെ (7 പന്തില്‍ 9) ജേസൺ ബെഹ്‌റൻഡോർഫ് സൂര്യയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠിക്കും (5 പന്തില്‍ 7) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ബെഹ്‌റൻഡോർഫിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രവും ക്രീസില്‍ ഒന്നിച്ചതോടെ ഹൈദരാബാദിന് പ്രതീക്ഷ വച്ചു.
മുംബൈ ബോളര്‍മാരെ ഏറെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ എട്ടാം ഓവറിന്‍റെ നാലാം പന്തില്‍ മാര്‍ക്രത്തെ (17 പന്തില്‍ 22) മടക്കിയ കാമറൂണ്‍ ഗ്രീന്‍ മുംബൈക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. മൂന്നാം വിക്കറ്റില്‍ 46 റണ്‍സാണ് മായങ്ക്- എയ്‌ഡന്‍ സഖ്യം നേടിയത്. തുടര്‍ന്നെത്തിയ അഭിഷേക് ശര്‍മയെ നിലയുറപ്പിക്കും മുമ്പ് പിയൂഷ് ചൗള മടക്കിയതോടെ ഹൈദരാബാദ് 9.1 ഓവറില്‍ നാലിന് 72 റണ്‍സ് എന്ന നിലയിലായി.
തുടര്‍ന്നെത്തിയ ഹെൻറിച്ച് ക്ലാസനൊപ്പം ചേര്‍ന്ന മായങ്ക് 13-ാം ഓവറില്‍ സംഘത്തെ നൂറ് കടത്തി. 14-ാം ഓവര്‍ എറിഞ്ഞ പിയൂഷ് ചൗളയ്‌ക്കെതിരെ രണ്ട് ഫോറും രണ്ട് സിക്‌സുകളുമായും ക്ലാസന്‍ കത്തിക്കയറി. എന്നാല്‍ ഓവറിന്‍റെ അവസാന പന്തില്‍ താരത്തെ ടിം ഡേവിഡിന്‍റെ കയ്യിലെത്തിക്കാന്‍ ചൗളയ്‌ക്ക് കഴിഞ്ഞു. 16 പന്തില്‍ 36 റണ്‍സായിരുന്നു താരം നേടിയത്.
തൊട്ടടുത്ത ഓവറിൽ തന്നെ മായങ്ക് അഗർവാളും പുറത്തായി. 41 പന്തിൽ 48 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. പിന്നാലെ ഇംപാക്ട് പ്ലയറായി അബ്ദുൾ സമദ് ക്രീസിലെത്തി. ഇതിനിടെ മാർകോ ജെൻസൺ (13), വാഷിങ്ടൺ സുന്ദർ (10) എന്നിവരും പുറത്തായി. അവസാന ഓവർ എറിയാനെത്തിയത് അർജുൻ ടെൻഡുൽക്കറായിരുന്നു. താരത്തിൻ്റെ രണ്ടാം പന്തിൽ തന്നെ അബ്ദുൾ സമദ് റൺഔട്ട് ആയി. ഇതോടെ സണ്‍റൈസേഴ്‌സ് പരാജയം ഉറപ്പിച്ചു.
പിന്നാലെ അവസാന പന്തിൽ ഭുവനേശ്വർ കുമാറിനെ പുറത്താക്കി അർജുൻ ടെൻഡുൽക്കർ മുംബൈയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. മായങ്ക് മാർക്കണ്ഡെ രണ്ട് റൺസുമായി പുറത്താകാതെ നിന്നു. മുംബൈക്കായി ജേസൺ ബെഹ്‌റൻഡോർഫ്, റീലി മെർഡിത്ത്, പിയൂഷ് ചൗള എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ അർജുൻ ടെൻഡുൽക്കർ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
അർധ സെഞ്ച്വറിയുമായി ഗ്രീൻ: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 192 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. പുറത്താവാതെ 40 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സും സഹിതം 64 റണ്‍സാണ് ഗ്രീന്‍ നേടിയത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഭേദപ്പെട്ട തുടക്കമായിരുന്നു മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. ആറ് റണ്‍സ് മാത്രമായിരുന്നു ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ സംഘത്തിന് നേടാന്‍ കളിഞ്ഞത്. എന്നാല്‍ രണ്ടാം ഓവറില്‍ മാര്‍ക്കോ ജാന്‍സെനിതിരെ ഒമ്പത് റണ്‍സടിച്ച് മുംബൈ പതിയെ ഗിയര്‍ മാറ്റി.
വാഷിങ്‌ടണ്‍ സുന്ദര്‍ എറിഞ്ഞ മൂന്നാം ഓവറിന്‍റെ തുടക്കം തന്നെ ഹാട്രിക്ക് ബൗണ്ടറിയാണ് രോഹിത് പായിച്ചത്. 13 റണ്‍സായിരുന്നു ഈ ഓവറില്‍ താരം അടിച്ചെടുത്തത്. പക്ഷെ മാര്‍ക്കോ ജാന്‍സെന്‍ എറിഞ്ഞ നാലാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു പിറന്നത്. അഞ്ചാം ഓവര്‍ എറിയാനായി ടി നടരാജനെയായിരുന്നു ഹൈദരാബാദ് നായന്‍ എയ്‌ഡന്‍ മാര്‍ക്രം പന്തേല്‍പ്പിച്ചത്.
നടരാജന്‍റെ ആദ്യ പന്തിലും മൂന്നാം പന്തിലും രോഹിത് ബൗണ്ടറി നേടി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ മുംബൈ നായകനെ മടക്കിയ നടരാജന്‍ ഹൈദരാബാദിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. 18 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 28 റണ്‍സ് നേടിയ രോഹിത്തിനെ മാര്‍ക്രം പിടികൂടുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 41 റണ്‍സാണ് രോഹിത്തും ഇഷാനും ചേര്‍ത്തത്. തുടര്‍ന്ന് ഒന്നിച്ച കാമറൂണ്‍ ഗ്രീനും ഇഷാനും ചേര്‍ന്ന് പവര്‍പ്ലേ പിന്നിടുമ്പോള്‍ മുംബൈയെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 53 റണ്‍സ് എന്ന നിലയിലെത്തിച്ചു. 12-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഇഷാനെ മാര്‍ക്രത്തിന്‍റെ കയ്യിലെത്തിച്ച് മാർക്കോ ജാൻസെനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
31 പന്തില്‍ 38 റണ്‍സടിച്ചാണ് താരം മടങ്ങിയത്. നാലാം നമ്പറിലെത്തിയ സൂര്യകുമാര്‍ യാദവ് സിക്‌സോടെ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. 3 പന്തില്‍ 7 റണ്‍സെടുത്ത സൂര്യയെ ഇതേ ഓവറിന്‍റെ അവസാന പന്തില്‍ വീഴ്‌ത്തിയ ജാൻസെന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കുകയായിരുന്നു.
തുടര്‍ന്നെത്തിയ തിലക് വര്‍മ ആക്രമിച്ച് കളിച്ചതോടെ 13-ാം ഓവറില്‍ ടീം ടോട്ടല്‍ നൂറ് കടന്നു. 17-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ തിലക് മടങ്ങുമ്പോള്‍ 151 റണ്‍സായിരുന്നു മുംബൈക്ക് നേടാന്‍ കഴിഞ്ഞത്. 17 പന്തില്‍ രണ്ട് ഫോറുകളും നാല് സിക്‌സും സഹിതം 37 റണ്‍സ് നേടിയ തിലകിനെ ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ മായങ്ക് അഗര്‍വാള്‍ പിടികൂടുകയായിരുന്നു.
ആദ്യം പതിഞ്ഞ് കളിച്ച ഗ്രീന്‍ പിന്നീടാണ് ആളിക്കത്തിയത്. 18-ാം ഓവറില്‍ നടരാജനെ പഞ്ഞിക്കിട്ട ഗ്രീന്‍ ഐപിഎല്ലിലെ തന്‍റെ ആദ്യ അര്‍ധ സെഞ്ചുറി കണ്ടെത്തി. 33 പന്തുകളിലാണ് താരം അര്‍ധ സെഞ്ചുറി നേടിയത്. ടിം ഡേവിഡാണ് (11 പന്തില്‍ 16) പുറത്തായ മറ്റൊരു താരം. ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ താരം റണ്ണൗട്ടാവുകയായിരുന്നു.