മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സാണ് അടിച്ച് കൂട്ടിയത്. കലക്കന്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
വെടിക്കെട്ട് തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് അഞ്ചാം ഓവറില്‍ തന്നെ ടീമിനെ 50 കടത്തിയിരുന്നു. യശസ്വി ജയ്‌സ്വാളായിരുന്നു കൂടുതല്‍ ആക്രമണകാരി.
പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ രാജസ്ഥാന്‍ 65 റണ്‍സ് ചേര്‍ത്തപ്പോള്‍ ഇതില്‍ 41 റണ്‍സും പിറന്നത് യശസ്വിയുടെ ബാറ്റില്‍ നിന്നായിരുന്നു. യശസ്വി ഒരറ്റത്ത് അടിച്ച് തകര്‍ക്കുമ്പോള്‍ ശ്രദ്ധയോടെയായിരുന്നു ബട്‌ലര്‍ ബാറ്റ് വീശിയത്. എട്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ബട്‌ലറെ ( 19 പന്തില്‍ 18) വീഴ്ത്തിയ പിയൂഷ് ചൗളയാണ് മുംബൈക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
ആദ്യ വിക്കറ്റില്‍ 72 റണ്‍സാണ് യശസ്വി- ബട്‌ലര്‍ സഖ്യം നേടിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ സിക്‌സോടെ തുടങ്ങിയെങ്കിലും നിരാശപ്പെടുത്തി. 10 പന്തില്‍ 14 റണ്‍സെടുത്ത സഞ്‌ജുവിനെ അര്‍ഷദ് ഖാന്‍റെ പന്തില്‍ തിലക് വര്‍മ പിടികൂടുകയായിരുന്നു. നാലാം നമ്പറിലെത്തിയ ദേവ്‌ദത്ത് പടിക്കലിന് വെറും നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ താരത്തെ പിയൂഷ് ചൗള ബൗള്‍ഡാക്കുകയായിരുന്നു.
ഇതിനിടെ 32 പന്തുകളില്‍ നിന്നും യശസ്വി അര്‍ധ സെഞ്ചുറി തികച്ചിരുന്നു. പിന്നീടെത്തിയ ജേസൺ ഹോൾഡർ( 9 പന്തില്‍ 11) , ഷിംറോൺ ഹെറ്റ്‌മെയർ (9 പന്തില്‍ 8), ധ്രുവ് ജുറെൽ (3 പന്തില്‍ 2) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ഓരറ്റത്ത് അടി തുടര്‍ന്ന യശസ്വി 17-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ റിലെ മെറിഡിത്തിനെ ബൗണ്ടറിയടിച്ച് സെഞ്ചുറി തികച്ചു. 53 പന്തുകളില്‍ നിന്നാണ് താരം ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ചുറി നേടിയത്.
ഇന്നിങ്‌സിന്‍റെ അവസാന ഓവറിലാണ് യശസ്വിയെ വീഴ്‌ത്താന്‍ മുംബൈക്ക് കഴിഞ്ഞത്. അർഷാദ് ഖാൻ എറിഞ്ഞ ഓവറിന്‍റെ ആദ്യ രണ്ട് പന്തുകളിലും താരം ബൗണ്ടറി കണ്ടെത്തി. മൂന്നാം പന്തില്‍ ഹൈ ഫുൾ ടോസായിരുന്നു അർഷാദ് എറിഞ്ഞത്. ശരിയായ രീതിയില്‍ കണക്‌ട് ചെയ്യാന്‍ രാജസ്ഥാന്‍ താരത്തിന് കഴിയാതെ വന്നതോടെ ഉയര്‍ന്ന് പൊന്തിയ പന്ത് അർഷാദ് തന്നെ കയ്യില്‍ ഒതുക്കുകയായിരുന്നു. 62 പന്തില്‍ 124 റണ്‍സാണ് യശസ്വി അടിച്ച് കൂട്ടിയത്.
ALSO READ: IPL 2023 | ജയം പിടിച്ച് പഞ്ചാബ് ; ചെപ്പോക്കില്‍ ചെന്നൈക്ക് കണ്ണീര്‍
ഒരു അണ്‍ ക്യാപ്പ്‌ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 16 ഫോറുകളും 8 സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ആര്‍ അശ്വിനും (5 പന്തില്‍ 8), ട്രെന്‍റ് ബോള്‍ട്ടും പുറത്താവാതെ നിന്നു. മുംബൈക്കായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.