മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ റിട്ടയേര്‍ഡ് ഔട്ടായ ആദ്യത്തെ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ രവിചന്ദ്ര അശ്വിൻ. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലാണ് അശ്വിന്‍റെ അപ്രതീക്ഷിത നീക്കമുണ്ടായത്. ആറാമനായി ക്രീസിലെത്തിയ താരം 28 റണ്‍സെടുത്തുനില്‍ക്കെ ബാറ്റിങില്‍ നിന്നും സ്വയം പിന്‍മാറുകയായിരുന്നു.
ഐപിഎല്ലില്‍ ആദ്യത്തെ സംഭവമാണെങ്കിലും അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നേരത്തേ റിട്ടയേര്‍ഡ് ഔട്ടുണ്ടായിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനായ കീറോണ്‍ പൊള്ളാര്‍ഡാണ് നേരത്തേ റിട്ടയേര്‍ഡ് ഔട്ടായ താരം. ഐസിസി ടി-20 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിലായിരുന്നു ഇത്.
രാജസ്ഥാന്‍ ഇന്നിങ്‌സിലെ 19-ാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഡെത്ത് ഓവറുകളില്‍ ആഗ്രഹിച്ചതുപോലെ വേഗത്തിൽ സ്‌കോർ ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് അശ്വിൻ റിട്ടയേര്‍ഡ് ഔട്ടാവാന്‍ സ്വയം തീരുമാനമെടുത്തത്. അപ്പോള്‍ 10 പന്തുകളാണ് റോയല്‍സ് ഇന്നിങ്‌സില്‍ ബാക്കിയുണ്ടായിരുന്നത്.
ALSO READ: IPL 2022 | ആവേശം അവസാന ഓവര്‍ വരെ; ലഖ്‌നൗവിനെതിര രാജസ്ഥാന് മൂന്ന് റൺസിന്‍റ ആവേശജയം
അശ്വിനു പകരം റിയാന്‍ പരാഗാണ് ക്രീസിലേക്കുവന്നത്. പക്ഷേ നാലുബോളില്‍ ഒരു സിക്‌സറക്കം എട്ട് റണ്‍സെടുത്ത് താരം പുറത്തായി. എങ്കിലും ക്രീസിന്‍റെ മറുവശത്തുണ്ടായിരുന്ന ഷിംറോണ്‍ ഹെറ്റ്‌മെയറുടെ വെടിക്കെട്ട് ബാറ്റിങ്ങ് റോയല്‍സിനെ മികച്ച സ്‌കോറിലെത്തിച്ചു.