മൊഹാലി: കൊല്‍ക്കത്തയ്‌ക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ഐപിഎല്‍ പതിനാറാം പതിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ (ഏപ്രില്‍ 13) മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്ത് ജയം പിടിച്ചത്. 154 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് ഒരു പന്ത് ശേഷിക്കെയായിരുന്നു മത്സരത്തില്‍ ജയത്തിലെത്തിയത്.
ജയത്തോടെ നാല് മത്സരങ്ങളില്‍ ആറ് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഗുജറാത്ത്. പഞ്ചാബിനെതിരെ ജയം സ്വന്തമാക്കിയെങ്കിലും ടീമിന്‍റെ പ്രകടനത്തില്‍ താന്‍ സന്തുഷ്‌ടനായിരുന്നില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മത്സരശേഷം രംഗത്തെത്തിയിരുന്നു.
'വളരെ സത്യസന്ധമായി തന്നെ പറയട്ടെ, മെച്ചപ്പെട്ട നിലയില്‍ നിന്നിട്ട് ഇത്രയും ക്ലോസ് ആയൊരു അവസ്ഥയില്‍ ജയം സ്വന്തമാക്കിയതിനെ ഞാന്‍ ഒരിക്കലും അഭിനന്ദിക്കില്ല. ഈ മത്സരത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അത് തന്നെയാണ് ഓരോ കായിക മേഖലയുടെയും സൗന്ദര്യം.
മിഡില്‍ ഓവറുകളില്‍ മത്സരത്തെ സമീപിക്കുന്ന രീതി മാറ്റേണ്ടതുണ്ട്. ആ സമയത്ത് കുറച്ചുകൂടി റിസ്‌ക് എടുക്കാമെന്നാണ് ഞാന്‍ കരുതുന്നത്. മധ്യ ഓവറുകളില്‍ കൂടുതല്‍ റിസ്‌ക് ഷോട്ടുകള്‍ കളിച്ച് മത്സരം അവസാനം വരെ കൊണ്ട് പോകേണ്ടതില്ലെന്ന് ഉറപ്പാക്കണം' -ഹാര്‍ദിക് പറഞ്ഞു.
ALSO READ: IPL 2023| വിക്കറ്റ് വേട്ടയില്‍ അതിവേഗം നൂറ്; ലസിത് മലിംഗയെ കടത്തിവെട്ടി കാഗിസോ റബാഡ
മത്സരത്തില്‍ ആദ്യം ബോള്‍ ചെയ്‌ത ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത മോഹിത് ശര്‍മയെ നായകന്‍ അഭിനന്ദിച്ചിരുന്നു. യാഷ് ദയാലിന് പകരക്കാരനായി പ്ലെയിങ് ഇലവനിലേക്ക് എത്തിയ മോഹിത് നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നേടിയത്. സാം കറന്‍, ജിതേഷ് ശര്‍മ എന്നീ പഞ്ചാബ് താരങ്ങളെയായിരുന്നു മോഹിത് പുറത്താക്കിയത്.
'മോഹിതിന്‍റെയും അല്‍സാരി ജോസഫിന്‍റെയും പ്രകടനത്തില്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയിരുന്നില്ല. ഇരുവരും നല്ല രീതിയിലാണ് പന്തെറിഞ്ഞത്. ക്രെഡിറ്റ് മോഹിത് ശര്‍മയ്‌ക്കാണ് നല്‍കുന്നത്.
ഞങ്ങളോടൊപ്പം ഒരു നെറ്റ് ബോളറായാണ് അവന്‍ വന്നത്. തന്‍റെ അവസരത്തിന് വേണ്ടി ക്ഷമയോടെ അയാള്‍ കാത്തിരുന്നു. ഒരുപാട് കഠിനാധ്വാനം ചെയ്‌തിട്ടുള്ള വ്യക്തി കൂടിയാണ് മോഹിത്' -ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ടാണ് ആതിഥേയരായ പഞ്ചാബ് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത്. ടീമിന്‍റെ ഇന്‍ഫോം ബാറ്ററായ നായകന്‍ ശിഖര്‍ ധവാന്‍ (8) പ്രഭ്‌സിമ്രാന്‍ സിങ് (0) എന്നിവരെ ഗുജറാത്ത് തുടക്കത്തിലെ എറിഞ്ഞിട്ടു. 36 റണ്‍സെടുത്ത മാറ്റ് ഷോര്‍ട്ട് ആയിരുന്നു പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.
ജിതേഷ് ശര്‍മ (25), ഷാരൂഖ് ഖാന്‍ (22), സാം കറന്‍ (22) എന്നിവരും കിങ്‌സിനായി ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങില്‍ ശുഭ്‌മാന്‍ ഗില്‍ ഗുജറാത്തിനായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 49 പന്തില്‍ 67 റണ്‍സടിച്ച ഗില്‍ അവസാന ഓവറിലായിരുന്നു പുറത്തായത്.
സാം കറന്‍ ആയിരുന്നു അവസാന ഓവറില്‍ ഗില്ലിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. ഗില്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രാഹുല്‍ തെവാട്ടിയ ആണ് ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി പായിച്ച് പഞ്ചാബിനെതിരെ ഗുജറാത്തിന് ജയം സമ്മാനിച്ചത്.
MORE READ: IPL 2023 | ഗില്ലിന്‍റെ തൂക്കിയടിയില്‍ 'പഞ്ചാബ് നിഷ്‌പ്രഭം'; ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ വിജയം