മുംബൈ : മുംബൈ ഇന്ത്യന്‍സിനെതിരായ നിർണായക മത്സരത്തിൽ ഉജ്വലമായി പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറിന് പ്രശംസയുമായി ആകാശ് ചോപ്ര. ഭുവനേശ്വറിന്‍റെ ഗംഭീര ബോളിങ് മികവിലാണ് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. 18-ാം ഓവറിൽ ടി. നടരാജൻ 26 റൺസ് വഴങ്ങിയതോടെ മുംബൈയ്ക്ക് അവസാന രണ്ടോവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ഭുവിയുടെ മാജിക്കല്‍ സ്‌പെല്‍.
ഭുവിയെറിഞ്ഞ 19-ാം ഓവറാണ് മത്സരത്തിൽ വഴിത്തിരിവായത്. ഈ ഓവര്‍ മെയ്‌ഡനാക്കിയ ഭുവി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. അവസാന ഓവറില്‍ മുംബൈ 15 റണ്‍സ് അടിച്ചെടുത്തെങ്കിലും ഹൈദരാബാദ് ചെറിയ മാര്‍ജിനില്‍ ജയിച്ചുകയറി. ഇതോടെ അവര്‍ നേരിയ പ്ലേഓഫ് സാധ്യതയും നിലനിര്‍ത്തിയിരുന്നു.
'മുംബൈ ഇന്ത്യന്‍സ് പേസർ ജസ്പ്രീത് ബുംറയ്ക്ക് കണ്ണാടി കാണിച്ചുകൊടുക്കുകയാണ് ഭുവി ചെയ്‌തത്. ഇതുപോലെയാണ് യോര്‍ക്കറുകള്‍ എറിയേണ്ടതെന്നാണ് ഭുവനേശ്വര്‍ കാണിച്ചുകൊടുത്തത്. ഇങ്ങനെയായിരിക്കണം യോര്‍ക്കറുള്‍ എറിയേണ്ടത്' - ആകാശ് ചോപ്ര പറഞ്ഞു.
'ഒന്നിനുപിറകെ ഒന്നായി അളന്നുമുറിച്ച യോര്‍ക്കറുകള്‍. അതുകണ്ടപ്പോള്‍ മാച്ച് വീഡിയോ ഗെയിമിലൂടെയാണ് പോവുന്നതെന്ന് തോന്നിപ്പോയി. അഞ്ച് ഡോട്ട് ബോളുകള്‍, സഞ്ജയ് യാദവിന്‍റെ വിക്കറ്റെടുക്കുകയും ചെയ്‌തു. 19-ാം ഓവര്‍ വിക്കറ്റ് മെയ്‌ഡന്‍, അവിസ്‌മരണീയം' - ആകാശ് ചോപ്ര വിലയിരുത്തി.