മുംബൈ: ഐപിഎല്‍ 2023-27 സീസണിലേക്കുള്ള സംപ്രേഷണാവകാശത്തിനുള്ള ഇ - ലേലം ആദ്യ ദിനം അവസാനിച്ചു. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു മത്സരത്തിന്‍റെ ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിന് 100 കോടി കവിഞ്ഞു. ലേലത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോൾ സംപ്രേഷണാവകാശത്തിനുള്ള ആകെ ലേലത്തുക 43,050 കോടിയിലെത്തി നിൽക്കുന്നു.
എഎന്‍ഐയുടെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, പാക്കേജ് എയ്‌ക്ക് നിലവിൽ 23,370 കോടി രൂപയാണ്, അതായത് ഒരു മത്സരത്തിന് 57 കോടി രൂപ. കൂടാതെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റൽ അവകാശം ഉൾപ്പെടുന്ന പാക്കേജ് ബിയിൽ 19,680 കോടി രൂപ, അതായത് ഒരു മത്സരത്തിന് 48 കോടി രൂപയാണ് കമ്പനികൾ മുന്നോട്ട് വച്ചിരിക്കുന്നത്.
ബിസിസിഐ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 32,440 കോടിയെക്കാള്‍ 11000 കോടിയോളം കൂടുതലാണ് ഏറ്റവും ഒടുവില്‍ ലേലത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ മുന്നോട്ടുവച്ചിരിക്കുന്ന തുക. എന്നാല്‍ തുക അന്തിമമായിട്ടില്ല. ഇ-ലേലത്തിന്‍റെ ആദ്യ ദിനം അവസാനിച്ചു.
2017ല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണാവകാശം സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരത്തിന് 54.5 കോടി രൂപയായിരുന്നു നല്‍കേണ്ടിവന്നത്. മുന്‍തവണത്തേതില്‍ നിന്ന് അപേക്ഷിച്ച് ഇത്തവണ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കാനാണ് കടുത്ത മത്സരം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രചാരം വര്‍ധിച്ചതും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവും ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള മത്സരം കടുത്തതാക്കുന്നു.
ഒരു മത്സരത്തിന് 100 കോടി കവിഞ്ഞതോടെ ഐപിഎല്‍ ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്ന കായിക ലീഗാകും. നിലവില്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗ്(ഏകദേശം ഒരു മത്സരത്തിന് 133 കോടി രൂപ) ആണ് ലോകത്തിലെ ഏറ്റവും അതിസമ്പന്ന കായിക ലീഗ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഏകദേശം 11 ദശലക്ഷം ഡോളർ), മേജർ ലീഗ് ബേസ്‌ബോൾ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മാധ്യമ സംപ്രേക്ഷണത്തിൽനിന്നുള്ള വരുമാനത്തിന്‍റെ കണക്കിൽ നിലവിൽ ഇവർക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഐപിഎല്‍.