ഹൈദരാബാദ്: പേരുകേട്ട വമ്പന്‍ താരങ്ങള്‍, ആരാധക പിന്തുണയും കരുത്തുറ്റത്. ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെ സമ്പന്നമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പക്ഷെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുന്നത് ആര്‍സിബിക്ക് ഇന്നും ഒരു സ്വപ്‌നമാണ്.
നേരത്തെ മൂന്ന് തവണ ടീം ഫൈനലിലെത്തിയിരുന്നെങ്കിലും കണ്ണീരോടെ മടങ്ങാന്‍ ആയിരുന്നു വിധി. അവസാനം ഐപിഎല്ലിന്‍റെ ഫൈനലില്‍ എത്തിയതാകട്ടെ 2016ലും. വിരാട് കോലിയുടെ അമാനുഷിക പ്രകടനം ക്രിക്കറ്റ് ലോകം കണ്ട ആ സീസണില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനോട് കലാശക്കളിയില്‍ ആര്‍സിബിക്ക് കീഴടങ്ങേണ്ടി വന്നു.
പിന്നീട് തുടര്‍ച്ചയായ മൂന്ന് സീസണുകള്‍ ആര്‍സിബി ടീം ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. 2017-2019 വരെയുള്ള സീസണുകളില്‍ ടീമിന് പ്ലേ ഓഫിലേക്ക് പോലും മുന്നേറാന്‍ സാധിച്ചില്ല. എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് പതിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം ടീം പുറത്തെടുത്തു.
2020, 2021 വര്‍ഷങ്ങളില്‍ ആര്‍സിബി എലിമിനേറ്ററിലാണ് പുറത്തായത്. കഴിഞ്ഞ സീസണില്‍ പുതിയ നായകന് കീഴില്‍ കളത്തിലിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ തേരോട്ടം രണ്ടാം ക്വാളിഫയറിലാണ് അവസാനിച്ചത്. രാജസ്ഥാന്‍ റോയല്‍സ് ആയിരുന്നു അന്ന് ആര്‍സിബിയെ വീഴ്‌ത്തിയത്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ചിന്നസ്വാമിയിലേക്ക് മത്സരങ്ങള്‍ എത്തുമ്പോള്‍ ആര്‍സിബിക്കായി ആര്‍പ്പുവിളിക്കാന്‍ ആരാധകര്‍ ഒഴുകിയെത്തുമെന്ന് ഉറപ്പ്. ഐപിഎല്ലിന്‍റെ പതിനാറാം പതിപ്പിന് ഇറങ്ങുമ്പോള്‍ അവര്‍ക്ക് വേണ്ടി ഈ കിരീടം നേടേണ്ടത് ആര്‍സിബിയുടെ ആവശ്യമാണ്.
ലക്ഷ്യം സ്വപ്‌ന കിരീടം: ഇക്കുറിയും വമ്പന്‍ താരനിരയുമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ കളിക്കാനൊരുങ്ങുന്നത്. വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്, വാനിന്ദു ഹസരംഗ എന്നിവരുടെ പ്രകടനത്തെയാണ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. പരിക്കേറ്റ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ വില്‍ ജാക്‌സിന് പകരക്കാരനായി ന്യൂസിലന്‍ഡിന്‍റെ മൈക്കിൾ ബ്രേസ്‌വെല്ലിനെയും ആര്‍സിബി ഇക്കുറി കൂടാരത്തിലെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. ഇത്തവണയും കാര്‍ത്തിക്ക് വാലറ്റത്ത് ബാറ്റിങ്ങ് വിസ്‌ഫോടനം തീര്‍ക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ബോളര്‍മാരില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ പ്രകടനവും ടീമിന് നിര്‍ണായകമാണ്.
ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഷഹ്‌ബാസ് അഹമ്മദും മികവിലേക്ക് ഉയര്‍ന്നാല്‍ കന്നിക്കിരീടം തേടിയുള്ള ആര്‍സിബിയുടെ യാത്ര കഠിനമാകില്ല. അതേസമയം, പരിക്കേറ്റ ഇന്ത്യന്‍ ബാറ്റര്‍ രജത് പടിദാറിന് തുടക്കത്തിലെ മത്സരങ്ങള്‍ നഷ്‌ടമാകുമെന്നത് ടീമിന് കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പടിദാറിന്‍റെ അഭാവത്തില്‍ ഗോവന്‍ യുവതാരം സുയഷ് പ്രഭുദേശായി പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്: വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്ക്, ഫിന്‍ അലന്‍, സുയഷ് പ്രഭുദേശായി, രജത് പടിദാര്‍, അനൂജ് റാവത്ത്, ഷഹ്‌ബാസ് അഹമ്മദ്, മൈക്കിള്‍ ബ്രേസ്‌വെല്‍, മഹിപാല്‍ ലോംറോര്‍, ഡേവിഡ് വില്ലി, വാനിന്ദു ഹസരംഗ, ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, റീസ് ടോപ്‌ലി, ആകാശ് ദീപ്, കരണ്‍ ശര്‍മ്മ, സിദ്ധാര്‍ഥ് കൗള്‍, ഹിമാന്‍ഷു ശര്‍മ്മ, മനോജ് ഭാണ്ഡെ, രാജൻ കുമാർ, അവിനാഷ് സിങ്, സോനു യാദവ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരക്രമം
- ഏപ്രില്‍ 02: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs മുംബൈ ഇന്ത്യന്‍സ് (7:30 PM)
- ഏപ്രില്‍ 06: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (7:30 PM)
- ഏപ്രില്‍ 10: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (7:30 PM)
- ഏപ്രില്‍ 15: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs ഡല്‍ഹി ക്യാപിറ്റല്‍സ് (3:30 PM)
- ഏപ്രില്‍ 17: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs ചെന്നൈ സൂപ്പര്‍ കിങ്‌സ് (7:30 PM)
- ഏപ്രില്‍ 20: പഞ്ചാബ് കിങ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (3:30 PM)
- ഏപ്രില്‍ 23: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs രാജസ്ഥാന്‍ റോയല്‍സ് (3:30 PM)
- ഏപ്രില്‍ 25: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (7:30 PM)
- മെയ് 01: ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (7:30 PM)
- മെയ് 06: ഡല്‍ഹി ക്യാപിറ്റല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (7:30 PM)
- മെയ് 09: മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (3:30 PM)
- മെയ് 14: രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (7:30 PM)
- മെയ് 18: സണ്‍റൈസേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (7:30 PM)
- മെയ് 21: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs ഗുജറാത്ത് ടൈറ്റന്‍സ് (7:30 PM)