മുംബൈ: ഐപിഎല്ലിന്‍റെ 15ാം പതിപ്പിൽ പെയ്‌തത് സിക്‌സറുകളുടെ പെരുമഴ. സീസണില്‍ ഗ്രൂപ്പ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പിറന്നത് 1000 സിക്‌സറുകൾ. ഐപിഎല്‍ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോഡാണിത്.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണാണ് സീസണിലെ 1000ാമത്തെ സിക്‌സര്‍ പറത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ 15ാം ഓവറിലാണ് ലിവിംഗ്‌സ്റ്റണ്‍ സീസണിലെ 1000ാമത്തെ സിക്‌സ് നേടിയത്.
2018 സീസണിലെ 60 മത്സരങ്ങളില്‍ നിന്നും പിറന്ന 872 സിക്‌സുകളായിരുന്നു ഇതിന് മുന്നെയുള്ള റെക്കോഡ്. 784 സിക്‌സുകള്‍ പിറന്ന 2019ലെ സീസണ്‍, 734 സിക്‌സുകള്‍ പിറന്ന 2020 സീസണ്‍ എന്നിവയാണ് പുറകിലുള്ളത്.
അതേസമയം സീസണിലെ ഏറ്റവും നീളം കൂടിയ സിക്‌സും ലിയാം ലിവിംഗ്സ്റ്റണിന്‍റെ പേരിലാണുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിയെ 117 മീറ്റര്‍ ദൂരത്തേക്ക് പറത്തിയാണ് താരം റെക്കോഡ് സ്ഥാപിച്ചത്. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 29 പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് പഞ്ചാബ് കിങ്‌സ് തോല്‍പ്പിച്ചിരുന്നു.
also read: IPL 2022: ഹൈദരാബാദിന് നിരാശ; ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത് പഞ്ചാബ്
ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 22 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ലിയാം ലിവിംഗ്‌സ്റ്റണാണ് പഞ്ചാബിന്‍റെ വിജയ ശില്‍പി.