മുംബൈ : ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്‍റെ മധ്യനിരയിലെ വിശ്വസ്‌തനാണ് ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. ഐപിഎല്ലിലെ തന്‍റെ ഏറ്റവും മികച്ച സീസണുകളിലൊന്നാണ് വിന്‍ഡീസ് താരം ഇക്കുറി ആസ്വദിക്കുന്നത്. ഇപ്പോഴിതാ തന്‍റെ പ്രകടനത്തിന് പിന്നില്‍ ഭാര്യയുടെ നിര്‍ദേശങ്ങളാണെന്നാണ് ഹെറ്റ്‌മെയര്‍ പറയുന്നത്.
തന്‍റെ മികച്ച പരിശീലകയും കടുത്ത വിമര്‍ശകയും ഭാര്യയാണെന്ന് താരം പറയുന്നു. ടീമിന്‍റെ മധ്യനിരയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നിര്‍ദേശം ഭാര്യയുടേതായിരുന്നു. “ഇത് എനിക്ക് അവസരം നൽകുന്നതിനെക്കുറിച്ചാണ്. ആദ്യ രണ്ട് വർഷങ്ങളിൽ, വേണ്ടത്ര അത്മവിശ്വാസത്തോടെ കളിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഈ വർഷവും കഴിഞ്ഞ വർഷവും, മത്സരങ്ങള്‍ക്കിറങ്ങും മുമ്പ് സാഹചര്യങ്ങൾ എന്താണെന്ന് അറിയാൻ ഒരു അവസരം നൽകണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.
ഭാര്യയാണ് എന്‍റെ ഏറ്റവും വലിയ പരിശീലകയും, ഏറ്റവും കടുത്ത വിമർശകയും. എന്താണ് സംഭവിക്കുന്നതെന്ന് വിലയിരുത്താൻ രണ്ട് പന്തുകള്‍ കാത്തിരിക്കാനും തുടര്‍ന്ന് സാഹചര്യം മനസിലാക്കി കളിക്കാനും അവള്‍ എന്നോട് പറഞ്ഞു " - ഹെറ്റ്മെയർ വെളിപ്പെടുത്തി.
also read: കഠിനാധ്വാനം ചെയ്‌താല്‍ സച്ചിന്‍റെ വഴി, അല്ലെങ്കില്‍ കാംബ്ലിയുടെ വഴി : കപില്‍ ദേവ്
ഏറെക്കാലം സുഹൃത്തായിരുന്ന നിരവ്‌നി ഉംറാവുവുമായി 2019 ലെ ക്രിസ്മസ് ദിനത്തിൽ താരം വിവാഹ നിശ്ചയം നടത്തിയിരുന്നു. മോതിര മാറ്റത്തിന്‍റെ ചിത്രങ്ങളടക്കം ഹെറ്റ്‌മെയര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്‌തു. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും ദമ്പതികൾ എപ്പോഴാണ് വിവാഹിതരായതെന്ന് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.