മുംബൈ : ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 200 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ ഇന്നിങ്സാണ് ലഖ്‌നൗ ടോട്ടലിന്‍റെ നെടുന്തൂണ്‍.
60 പന്തില്‍ ഒമ്പത് ഫോറുകളുടേയും അഞ്ച് സിക്‌സുകളുടേയും അകമ്പടിയോടെയാണ് രാഹുലിന്‍റെ സെഞ്ചുറി നേട്ടം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ലഖ്‌നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 57 റണ്‍സാണ് സംഘം അടിച്ചെടുത്തത്.
13 പന്തില്‍ 24 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെയാണ് അദ്യം നഷ്‌ടമായത്. ഡികോക്കിനെ ഫാബിയന്‍ അലന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച മനീഷ് പാണ്ഡെയും രാഹുലും 72 റണ്‍സ് കൂട്ടിചേര്‍ത്തു. 14ാം ഓവറിന്‍റെ രണ്ടാം പന്തില്‍ മനീഷിനെ പുറത്താക്കി മുരുകന്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
also read: ഇഷാൻ കിഷനായി വലിയ തുക മുടക്കിയതിന് മുംബൈയെ വിമർശിച്ച് ഷെയ്ൻ വാട്‌സൺ
29 പന്തില്‍ 38 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. മാര്‍കസ് സ്റ്റോയിനിസ് (9 പന്തില്‍ 10), ദീപക് ഹൂഡ (8 പന്തില്‍ 15) എന്നിവര്‍ വേഗം തിരിച്ച് കയറി. ഉനദ്‌ഘട്ടാണ് ഇരുവരെയും പുറത്താക്കിയത്. ഒരു പന്തില്‍ ഒരു റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു.
മുംബൈക്കായി ജയ്‌ദേവ് ഉനദ്‌ഘട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുരുകന്‍ അശ്വിന്‍, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.