കൊല്‍ക്കത്ത: ഐപിഎല്ലില്‍ ജീവന്‍ മരണപ്പോരാട്ടത്തിനിറങ്ങാന്‍ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും. ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ബെര്‍ത്ത് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കാന്‍ പ്ലേ ഓഫ് എലിമിനേറ്ററിൽ ബാംഗ്ലൂരും ലഖ്‌നൗവും ഇന്ന് നേര്‍ക്ക് നേര്‍ പോരടിക്കും. രാത്രി 7.30ന് ഈഡൻ ഗാർഡൻസിലാണ് മത്സരം ആരംഭിക്കുക.
മഴ പെയ്യാന്‍ 37 ശതമാനം സാധ്യതയുള്ളതിനാല്‍ മത്സരത്തിന്‍റെ രസം കെടുമോയെന്ന ആശങ്കയുമുണ്ട്. കളിയില്‍ ജയിക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടനാവും. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ രാജസ്ഥാന്‍ റോയല്‍സാണ് ജയിച്ചെത്തുന്നവരെ കാത്തിരിക്കുന്നത്.
മെയ് 27നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നും നാലും സ്ഥാനത്തെത്തിയാണ് യഥാക്രമം ലഖ്‌നൗവും ബാംഗ്ലൂരും ക്വാളിഫയറിന് യോഗ്യത നേടിയത്. 14 മത്സരങ്ങളില്‍ ഒമ്പത് ജയമുള്ള ലഖ്‌നൗവിന് 18 പോയിന്‍റും, എട്ട് ജയമുള്ള ബാംഗ്ലൂരിന് 16 പോയിന്‍റുമാണുണ്ടായിരുന്നത്.
ക്യാപ്‌റ്റന്‍ കെഎൽ രാഹുൽ, ക്വിന്‍റൺ ഡി കോക്ക്, ക്രുണാൽ പാണ്ഡ്യ, ഡീപക് ഹൂഡ, ജേസണ്‍ ഹോൾഡർ, മൊഹസിൽ ഖാൻ, ആവേശ് ഖാൻ, ദുഷ്മന്ത ചമീര എന്നിവരിലാണ് ലഖ്‌നൗവിന്‍റെ പ്രതീക്ഷ.
മറുവശത്ത് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെൻ മാക്സ്‍വെൽ, രജത് പടിദാർ, ദിനേശ് കാർത്തിക്, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിവര്‍ ബാംഗ്ലൂരിന് നിര്‍ണായകമാവും.