ദുബായ് : ഐപിഎൽ പതിനാലാം പതിപ്പിന്‍റെ രണ്ടാം പാദ മത്സരങ്ങൾക്ക് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തോടെ തുടക്കമാവുകയാണ്. ഇരുടീമുകളും വിജയമുറപ്പിച്ച് മുഖാമുഖം പോരാടുമ്പോൾ മത്സരം ആവേശക്കൊടുമുടിയേറും. ആവേശപ്പോരാട്ടം തുടങ്ങുമ്പോൾ കളിക്കളം കാത്തിരിക്കുന്നത് ഒരുപിടി റെക്കോഡുകൾക്ക് കൂടിയാണ്.
ടീമിന് അഞ്ച് കിരീടങ്ങൾ നേടിക്കൊടുത്ത മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ മറ്റൊരു റെക്കോഡ് കൂടി കുറിക്കാന്‍ ഒരുങ്ങുകയാണ്. 20 റണ്‍സ് കൂടി നേടിയാല്‍ 5500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാം. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് രോഹിത്. അതേസമയം ഒൻപത് റണ്‍സ് നേടിയാൽ ചെന്നൈയുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയ്ക്കും 5500 റണ്‍സ് ക്ലബ്ബിലെത്താം.
ALSO READ: ഇന്ന് ധോണിയും രോഹിതും നേർക്കുനേർ, ദുബായില്‍ കുട്ടിക്രിക്കറ്റിന്‍റെ താരപ്പൂരത്തിന് തുടക്കം
കൂടാതെ മൂന്ന് സിക്സുകൾ കൂടി നേടിയാൽ ടി20 ക്രിക്കറ്റിൽ 400 സിക്‌സുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്‌മാന്‍ എന്ന റെക്കോഡും രോഹിത്തിന് സ്വന്തമാക്കാം. ടി20 ക്രിക്കറ്റിൽ സുരേഷ് റെയ്‌ന (324), വിരാട് കോലി(314), എം എസ് ധോണി(303) എന്നീ താരങ്ങൾ മാത്രമാണ് രോഹിത്തിനെ കൂടാതെ 300 സിക്‌സുകളിലധികം നേടിയിട്ടുള്ളത്.
രണ്ട് സിക്‌സുകൾ കൂടി നേടിയാൽ ചെന്നൈയുടെ രവീന്ദ്ര ജഡേജയ്ക്ക് 50 എണ്ണം തികയ്ക്കാൻ സാധിക്കും. സി.എസ്.കെക്കായി ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡാണ് ജഡേജയെ കാത്തിരിക്കുന്നത്. 5 സിക്‌സുകൾ കൂടി നേടിയാൽ മുംബൈ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് 100 എന്ന നേട്ടം കൈവരിക്കാൻ സാധിക്കും.