ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് – സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. ഈ സീസണിൽ രണ്ടാം വട്ടമാണ് ഇരു ടീമുകളും നേർക്കുനേരെയെത്തുന്നത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്‌സിനായിരുന്നു വിജയം. പ്ലേഓഫ് സാധ്യത നിലനിർത്താൻ ചെന്നൈയ്ക്ക് ഇന്ന് ജയിച്ചേ തീരു. ഇതുവരെ ഏഴു മത്സരങ്ങളിൽ നിന്ന് രണ്ടു ജയം മാത്രം സ്വന്തമായിട്ടുളള ചെന്നൈ നാലു പോയിന്‍റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. പിന്നിലുള്ളത് ഏഴിൽ ആറു കളികളും തോറ്റ കിങ്സ് ഇലവൻ പഞ്ചാബ് മാത്രം. ഇനിയുള്ള ഏഴു കളികളിൽ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് വകയുള്ളൂ. അതുകൊണ്ടുതന്നെ രണ്ടാം ഘട്ട പോരാട്ടം വിജയിച്ച് തുടങ്ങാൻ ഉറച്ചാകും ചെന്നൈയുടെ വരവ്. ചെന്നൈ പ്ലേ ഓഫിൽ കളിക്കാതെ പോയാൽ അതും ഒരു ചരിത്രമാകും. അഴിമതി ആരോപണങ്ങളെ തുടർന്ന് സുപ്രീം കോടതി വിലക്കിയ 2016, 2017 സീസണുകൾ ഒഴികെ ബാക്കി എല്ലാ സീസണിലും ചെന്നൈ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്.
മറുവശത്തും അവസ്ഥ വ്യത്യസ്‌തമല്ല. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനാകാൻ സൺറൈസേഴ്സ് ഹൈദരാബാദിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതുവരെ കളിച്ച ഏഴു കളികളിൽനിന്ന് മൂന്നു ജയവും നാലു തോൽവിയുമായി ആറു പോയിന്‍റ് സഹിതം അഞ്ചാം സ്ഥാനത്താണ് സൺറൈസേഴ്‌സ്.