ഷാര്‍ജ: ഐ.പി.എല്ലില്‍ ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മത്സരത്തിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ സാം കറനെ (0) ചെന്നൈക്ക് നഷ്ടമായി. ക്രീസില്‍ ഒന്നിച്ച ഡുപ്ലെസി - ഷെയ്ന് വാട്ട്സണ് സഖ്യവും ഇന്നിങ്സിന്റെ അവസാനം തകര്‍ത്തടിച്ച അമ്പാട്ടി റായുഡു - രവീന്ദ്ര ജഡേജ സഖ്യവുമാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ലായത്.രണ്ടാം വിക്കറ്റില്‍ 87 റണ്‍സാണ് ഡുപ്ലെസി - വാട്ട്സണ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 28 പന്തില്‍ ആറ് ബൗണ്ടറികളോടെ 36 റണ്‍സെടുത്ത വാട്ട്സണെ പുറത്താക്കി നോര്‍ക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസി 47 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു. ഡുപ്ലെസിയെ പുറത്താക്കിയ കഗിസോ റബാദ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി. 27 മത്സരങ്ങളില്‍ നിന്നാണ് റബാദയുടെ നേട്ടം.ഡുപ്ലെസി പുറത്തായ ശേഷം തകര്‍ത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്കോര്‍ 150 കടത്തിയത്. 25 പന്തുകള്‍ നേരിട്ട റായുഡു നാലു സിക്സും ഒരു ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്നു. ജഡേജ 13 പന്തുകളില്‍ നിന്ന് നാല് സിക്സറുകളടക്കം 33 റണ്‍സെടുത്തു. ധോണി മൂന്ന് റണ്‍സെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റില്‍ റായുഡു - ജഡേജ സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഡല്‍ഹിക്കായി നോര്‍ക്യ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ടീമില്‍ പിയുഷ് ചൗളയ്ക്ക് പകരം കേദാര്‍ ജാദവ് തിരിച്ചെത്തി. ഡല്‍ഹി ടീമില്‍ മാറ്റങ്ങളൊന്നുമില്ല.