മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ കടന്നു. സൂപ്പർ ഓവറിലേക്ക് നീങ്ങിയ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മുബൈ വിജയം സ്വന്തമാക്കിയത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ.
163 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് ഹാർദിക്ക് പാണ്ട്യ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസും അവസാന പന്തിൽ ഏഴ് റൺസുമായിരുന്നു. പൊരുതി കളിച്ച ഹൈദരാബാദ് അവസാന പന്തിൽ മനീഷ് പാണ്ടേ നേടിയ സിക്‌സറിലൂടെ മത്സരം സമനിലയിലാക്കി. തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് എട്ട് റൺസ് നേടാനെ സാധിച്ചുള്ളു. മറുപടി ബാറ്റിങിനിറങ്ങിയ മുംബൈക്ക് വേണ്ടി ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കളി അനുകൂലമാക്കി. രണ്ടാം പന്തില്‍ സിംഗിളും മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് ഡബിളും എടുത്തതോടെ മുംബൈ അനായാസം ജയിച്ചുകയറി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ക്വിന്‍റണ്‍ ഡീകോക്കിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് 162 റണ്‍സ് നേടിയത്. 18 പന്തില്‍ 24 റണ്‍സെടുത്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഖലീല്‍ അഹമ്മദ് പുറത്താക്കി. തുടര്‍ന്ന് സൂര്യകുമാര്‍ യാദവിനെ (23) കൂട്ടുപിടിച്ച് ഡീകോക്ക് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു.
തോറ്റെങ്കിലും ഒരു കളി കൂടി ബാക്കിയുള്ള ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാണ്. നിലവിൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഹൈദരാബാദ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം.