വാങ്കഡെ: നേരിട്ട രണ്ടാം പന്തില്‍ തന്നെ ഓപ്പണറും നായകനുമായ രോഹിത് ശർമയെ നഷ്‌ടമായാണ് ഇന്ത്യ വാങ്കഡെയില്‍ ബാറ്റിങ് തുടങ്ങിയത്. ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ രോഹിതിനെ രണ്ടാം പന്തില്‍ ദില്‍ഷൻ മധുഷനക ബൗൾഡാക്കുകയായിരുന്നു.
പിന്നീട് എത്തിയ വിരാട് കോലിയും ശുഭ്‌മാൻ ഗില്ലും ചേർന്ന് കരുതലോടെയാണ് കളിച്ച് തുടങ്ങിയത്. അർധസെഞ്ച്വറി പിന്നിട്ട ഇരുവരും സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോഴാണ് ലോകകപ്പിലെ കന്നി സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ ശുഭ്‌മാൻ ഗില്‍ വീണത്. 92 പന്തില്‍ രണ്ട് സിക്‌സും 11 ഫോറും അടക്കമാണ് ഗില്‍ 92 റൺസെടുത്തത്. മധുഷനകയ്ക്കാണ് വിക്കറ്റ്.
എന്നാല്‍ 49-ാം ഏകദിന സെഞ്ച്വറിയിലേക്ക് കുതിച്ച വിരാട് കോലിയെ കൂടി പുറത്താക്കി മധുഷനക ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചു. 94 പന്തില്‍ 11 ഫോർ അടക്കം 88 റൺസെടുത്താണ് കോലി പുറത്തായത്. ഒടുവില്‍ വിവരം കിട്ടുമ്പോൾ 32 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 199 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമുമായാണ് ഇന്ത്യ ലങ്കയെ നേരിടുന്നത്. ലോകകപ്പിലെ ഏഴാം മത്സരത്തില്‍ തുടർച്ചയായ ഏഴാം വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ശ്രീലങ്ക കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. ധനഞ്ജയ ഡിസില്‍വയ്ക്ക് പകരം ദുഷാൻ ഹേമന്തയാണ് ലങ്കൻ നിരയില്‍ ഇന്ന് കളിക്കുന്നത്.